സ്ത്രീത്വത്തെ അപമാനിച്ചു: മറുനാടന്‍ അവതാരകന്‍ സുദര്‍ശ് നമ്പൂതിരി അറസ്റ്റില്‍

ഷാജൻ സ്‌കറിയയുടെ സഹപ്രവർത്തകൻ സുദർശ് നമ്പൂതിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പിടികിട്ടാപുള്ളിയായിരുന്നു സുദർശ് നമ്പൂതിരി. സ്ത്രീക്കെതിരേ വ്യാജവീഡിയോ നിർമിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് സുദർശ് നമ്പൂതിരി. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി സുദർശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണ് സുദർശ് നമ്പൂതിരിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചി പൊലീസിന് കൈമാറും. എറണാകുളം ക്രൈംബ്രാഞ്ച് ആണ് സുദര്ശിനെ തിരഞ്ഞുകൊണ്ടിരുന്നത്. അതേസമയം ഷാജൻ സ്കറിയയുടെ മറുനാടൻ മലയാളിയിൽ സുദർശ് അവതരണം നടത്തിവരികയായിരുന്നു. പി.വി. അൻവർ എം.എൽ.എ.യാണ് സുർശ് നമ്പൂതിരി അറസ്റ്റിലായ വിവരം സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
മറുനാടൻ മലയാളി യുട്യൂബ് ചാനലിലൂടെ ഷാജൻ സ്കറിയ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് ഇരയായവരെ ഏകോപിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിനായി പി.വി. അൻവർ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങിയിരുന്നു. തിരുവനന്തപുരം പട്ടത്തെ മറുനാടൻ മലയാളി ഓഫിസ് പ്രവർത്തിക്കുന്നത് വ്യാജ രേഖ ചമച്ചാണെന്നും പി.വി. അൻവർ കണ്ടെത്തിയിരുന്നു. ശ്രീനിജൻ എം.എൽ.എ നൽകിയ കേസിൽ അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. മറുനാടൻ മലയാളിയുടെ മാധ്യമപ്രവർത്തനം ശരിയല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.