വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ. വിദ്യ കസ്റ്റഡിയിൽ

കാസര്‍കോട്: മഹാരാജാസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസില്‍ വിദ്യ കസ്റ്റഡിയിൽ. അഗളി പൊലീസാണ് വിദ്യയെ പിടികൂടിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പോലീസിന്റെ സഹായത്തോടെയായിരുന്നു വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസെടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയുമായി പോലീസ് ഉടൻ പാലക്കാട് എത്തും.
വ്യാജരേഖ ചമച്ചതിന് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യ ഹര്‍ജി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഈ മാസം 24-ന് പരിഗണിക്കും.
വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും അങ്ങനെയൊരു രേഖവെച്ച് എവിടെയും ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും കാസര്‍കോട് സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യ പറയുന്നുണ്ട്. ആരെയും വഞ്ചിച്ചിട്ടില്ലെന്നും നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത വകുപ്പുകള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നതല്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷയിലുണ്ട്.
വിദ്യയെ കാണാതാകുന്നതിനിടെത്തന്നെയാണ് കായംകുളം എം.എസ്.എം. കോളേജില്‍ വ്യാജരേഖ ചമച്ചകേസില്‍ പ്രതിയായ നിഖില്‍ തോമസിനെയും കാണാതാവുന്നത്. ഇരുവരുടെയും രാഷ്ട്രീയ ബന്ധങ്ങളും സ്വാധീനവും കാരണമാണ് പോലീസിന് പിടികൂടാനാവാത്തതെന്നാണ് പരക്കെയുള്ള ആക്ഷേപം. പോലീസ് ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.