കുട്ടികള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാര്‍ക്ക് കുറ്റ്യാടിയില്‍

കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്കായ ആക്റ്റീവ് പ്ലാനറ്റ് കുറ്റ്യാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിശാലമായ പത്തേക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടിയുടെ മുഖച്ഛായ മാറ്റാന്‍ പ്രാപ്തിയുള്ള ഈ പാര്‍ക്ക്, തദ്ദേശവാസികള്‍ക്കായി നിരവധി തൊഴില്‍ സാധ്യതകളും നല്‍കുന്നുണ്ട്.
പ്രമുഖ വ്യവസായിയായ നിസാര്‍ അബ്ദുള്ളയാണ് പാര്‍ക്കിന്റെ സ്ഥാപകന്‍. അതിമനോഹരമായ ഒരു മലഞ്ചരുവിന് മുകളില്‍, കുറ്റ്യാടിയുടെ വിശാലമായ ദൃശ്യഭംഗി കൂടി സമ്മാനിക്കുന്ന ഇടത്താണ് ആക്റ്റീവ് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്. രണ്ടരലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാര്‍ന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഒപ്പം പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനും സ്ഥാപിച്ചിട്ടുണ്ട്.
അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ഉല്ലാസത്തോടെ സമയം ചെലവഴിക്കാന്‍ നാല്‍പ്പതിലേറെ ഫ്രീസ്‌റ്റൈല്‍ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. കുട്ടികള്‍ക്കൊപ്പമെത്തുന്നവര്‍ക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാര്‍ക്കില്‍ അരങ്ങേറും. സായാഹ്നങ്ങളില്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളില്‍, മികച്ച കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും പാര്‍ക്കിനെ സജീവമാക്കും. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ ഇതിനായി കുറ്റ്യാടിയിലേക്കെത്തിക്കും. കേരളത്തില്‍ നിന്നുള്ള തനത് കലാകാരന്മാരോടൊപ്പം അവര്‍ ആക്റ്റീവ് പ്ലാനറ്റില്‍ പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കും. വ്യത്യസ്തമായ ഈ കലാവിഷ്‌കാരങ്ങള്‍ സന്ദര്‍ശകര്‍ക്കും വേറിട്ട അനുഭവമാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള രുചി വൈവിധ്യങ്ങള്‍ ഒന്നിക്കുന്ന ഫുഡ് കോര്‍ട്ട്, പാര്‍ക്കില്‍ ഉല്ലസിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഇവ ലഭ്യമാക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ് ട്രക്കുകള്‍ തുടങ്ങിയവയും ഉടന്‍ സജ്ജമാകും.
കുട്ടികള്‍ക്കുള്ള കളിസ്ഥലം മാത്രമല്ല, കോഴിക്കോട് നഗരത്തിനാകെ ശുദ്ധവായു നല്‍കുന്ന ശ്വാസകോശമായി മാറാനാണ് ആക്റ്റീവ് പ്ലാനറ്റ് ശ്രമിക്കുകയെന്ന് പാര്‍ക്കിന്റെ സ്ഥാപകനും എംഡിയുമായ നിസാര്‍ അബ്ദുല്ല പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഇത്തരം പാര്‍ക്കുകള്‍ രൂപകല്‍പന ചെയ്ത പരിചയസമ്പത്തുള്ള എഞ്ചിനീയര്‍മാരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. നാട്ടുകാരുടെ കൂടി സഹകരണത്തോടെ, വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് ഈ പാര്‍ക്ക് യാഥാര്‍ഥ്യമായതെന്നും പൊതുജനങ്ങള്‍ ഈ പാര്‍ക്ക് പരമാവധി പ്രയോജപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വളരെ മിതമായ നിരക്കിലാണ് പാര്‍ക്കിലേക്കുള്ള പ്രവേശനം. രാവിലെ പാര്‍ക്കിനുള്ളിലെ എണ്ണമറ്റ വിനോദ പരിപാടികളില്‍ അഞ്ച് മണിക്കൂര്‍ ചെലവഴിക്കാന്‍ 300 രൂപ മാത്രം നല്‍കിയാല്‍ മതി. ഉച്ചമുതല്‍ രാത്രി വരെയുള്ള സെഷനുകളില്‍ പങ്കെടുക്കാന്‍ 400 രൂപ നല്‍കണം. വാരാന്ത്യങ്ങളില്‍ രാവിലെയുള്ള സെഷന് 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണ് നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യപ്രവേശനവും പ്രത്യേക ഇളവുകളും നല്‍കും. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.