കൊട്ടിയൂർ: ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പി നൽകുന്ന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവെച്ച് സി.പി.എം നേതാവ് പി. ജയരാജൻ. മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്‌ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കൽ ഇസ്‌ലാമിസത്തിലേക്കും വഴി മാറ്റാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത്, വർഗീയ രാഷ്ട്രീയത്തിന്റെ മുന്നിൽ മാനവികതയുടെ ബദൽ മാർഗ്ഗം കാണുന്നതാണ് ഈ കാഴ്ച്ചയെന്നും അദ്ദേഹം കുറിച്ചു. സംഘപരിവാറിനും ഇസ്ലാമിക സംഘപരിവാറിനും പിടിച്ചടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മത മൈത്രിയും മാനവിക ബോധവുമെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാർത്ഥ കേരള സ്റ്റോറി
ഈ മുസ്ലീം മത വിശ്വാസികളായ സ്ത്രീകൾ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കൊട്ടിയൂർ ശിവ ക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപുഴയോരത്തെ ഈ ചരിത്ര പ്രസിദ്ധമായ ശിവ ക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ നെയ്യാട്ട മഹോത്സവം ആരംഭിച്ചു കഴിഞ്ഞു.
മാനവികതയുടെയും മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നൽകുകയാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മറ്റിയും ഐ. അർ. പി. സി. യും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ. പർദ്ദ ധരിച്ച ഈ സഹോദരിമാർ ഉൾപ്പടെയുള്ള വളണ്ടിയർമാർ ആണ് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകാർക്ക് അന്നദാനം നടത്തുന്നത്. വിശ്വാസികളായ തീർത്ഥാടകർ സന്തോഷത്തോട് കൂടി തന്നെ വിശപ്പടക്കുന്നു.
മതവും വിശ്വാസവും മാനവീകതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നു.മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്‌ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കൽ ഇസ്‌ലാമിസത്തിലേക്കും വഴി മാറ്റാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുന്നിൽ മാനവികതയുടെ ബദൽ മാർഗ്ഗം കാണുന്നതാണ് ഈ കാഴ്ച്ച.
സംഘപരിവാറിനും ഇസ്ലാമിക സംഘപരിവാറിനും പിടിച്ചടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മത മൈത്രിയും മാനവിക ബോധവും. അതിന് കോട്ടം വരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും. ഇവിടേക്ക് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് അരിയും,പച്ചക്കറിയും,മറ്റു ഭക്ഷ്യ വസ്തുതകളും എല്ലാം സംഭവനയായി എത്തുന്നു.
ഇസ്ലാം മത വിശ്വാസികളും അന്നദാനതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയർ സേവനങ്ങളും നൽകുന്നു. ഇതിന് നേതൃത്വം നൽകുന്നത് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയും ജീവ കാരുണ്യ പ്രസ്ഥാനമായ ഐ.ആർ.പി.സിയും. ഈ ഏകോപനം കൂടിയാണ് യഥാർത്ഥ കേരള സ്റ്റോറി.