വിദ്യാർഥികൾക്ക് ടിക്കറ്റ് വേണ്ട, ഇത് മാഹിയുടെ സ്വന്തം കുട്ടിവണ്ടി

മാഹി: സ്കൂളിൽ പോകാൻ മാഹിയിലെ കുട്ടികൾക്ക് ഇനി ബസ്സിന് പണം മുടക്കേണ്ട. മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്കൂളിലേക്ക് യാത്ര ചെയ്യാൻ സർക്കാർ വക സൗജന്യ ബസ് സർവിസിന് തുടക്കമായി. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ പൂഴിത്തലയിൽ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
രണ്ട് ബസുകളാണ് വിദ്യാർഥികൾക്ക് സൗജന്യമായി യാത്ര ചെയ്യാനായി പുതുച്ചേരി സർക്കാർ അനുവദിച്ചത്. കാലത്ത് 8.30 ന് പൂഴിത്തലയിൽ നിന്ന് യാത്രയാരംഭിക്കുന്ന ബസ് 9.15 ന് പന്തക്കലിലെത്തും. പന്തക്കലിൽ നിന്ന് 8.30 ന് യാത്ര പുറപ്പെടുന്ന മറ്റെറാരു ബസ് 9.15 ന് പൂഴിത്തലയിലുമെത്തും.
വൈകീട്ട് 4.15 ന് പന്തക്കൽ, പൂഴിത്തല എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന ബസുകൾ അര മണിക്കൂറിനകം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
2010 ൽ പുതുച്ചേരിയിലും കാരക്കലിലും സൗജന്യ സർവിസ് തുടങ്ങിയിരുന്നു. ഇപ്പോൾ മാഹിയിലും നടപ്പാക്കിയതോടെ പുതുച്ചേരിയിൽ ഇനി യാനം മേഖലയിൽ മാത്രമാണ് വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്താനുള്ളത്.