ഓടിക്കൊണ്ടിരിക്കെ പുക, ബോണറ്റ് തുറന്നപ്പോൾ തീ; കണ്ണൂരിൽ കാറ് കത്തിനശിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കണ്ണൂർ കോട്ടയിൽ പോയി മടങ്ങി വരികയായിരുന്ന നായാട്ടുപാറ സ്വദേശിയുടെ വാഹനത്തിനാണ് തീപിടിച്ചത്. ജില്ലാ ആസ്പത്രിക്ക് സമീപത്തുവെച്ചായിരുന്നു കാറിന് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ വാഹനം നിർത്തി ബോണറ്റ് തുറന്നു പരിശോധിച്ചപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു.