മട്ടന്നൂരിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം; നാലുപേർക്ക് പരിക്ക്

മട്ടന്നൂർ: മട്ടന്നൂരിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ മട്ടന്നൂർ ടൗണിലാണ് സംഭവം. പരിക്കേറ്റ കെ.എസ്.യു. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, ആദർശ് കൊതേരി എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.അശ്വന്ത്, ഏരിയാ ജോയിന്റ് സെക്രട്ടറി അക്ഷയ് കൃഷ്ണ എന്നിവരെ മട്ടന്നൂർ ഗവ.ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ പോളി ടെക്‌നിക്ക് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിൽ നടന്ന ചർച്ച കഴിഞ്ഞ് വരുന്ന കെ.എസ്.യു. നേതാക്കളെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചതായി കെ.എസ്.യു. ആരോപിച്ചു.
എന്നാൽ വിദ്യാഭ്യാസ ബന്ദിന്റെ മറവിൽ കെ.എസ്.യു. പ്രവർത്തകർ എസ്.എഫ്.ഐക്കാരെ ആക്രമിക്കുയായിരുന്നുവെന്ന് എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വൈകീട്ടോടെ ടൗണിൽ വീണ്ടും സംഘർഷമുണ്ടായി.എസ്.എഫ്.ഐ- കെ.എസ്.യു. പ്രവർത്തകരോടൊപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും നിയന്ത്രിച്ച് കൂടുതൽ സംഘർഷം ഒഴിവാക്കിയത്.