വിവരാവകാശ അപേക്ഷകളിൽ മറ്റു ഫീസുകൾ പാടില്ല: കമ്മീഷൻ

തൃശൂർ: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മറ്റു നിയമപ്രകാരം ഫീസ്, മറ്റു ചെലവ് എന്നിവ ഈടാക്കാൻ പാടുള്ളതല്ല എന്ന് വിവരാവകാശ കമ്മീഷണർ എ.എ. ഹക്കീം.
വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ ഈ നിയമത്തിൽ പറയുന്ന ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന് ഹൈക്കോടതി വിധിയുണ്ട്. വിവരം വെളിപ്പെടുത്തരുത് എന്ന് അറിയിച്ച് മൂന്നാം കക്ഷി സമർപ്പിക്കുന്ന കത്തിന്റെ പകർപ്പും വെളിപ്പെടുത്താൻ പാടുള്ളതല്ല.
വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥർ 30 ദിവസം വരെ കാത്തിരിക്കരുത്. മനുഷ്യന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണി ആയേക്കാവുന്ന വിവരങ്ങൾ 48 മണിക്കൂറിനകം അപേക്ഷകന് ലഭിച്ചിരിക്കണം.
അല്ലാത്തവ പരമാവധി വേഗത്തിൽ നൽകണം. വിവരം ലഭ്യമാക്കാൻ തടസമുണ്ടാകുന്ന ഘട്ടത്തിൽ പോലും 30 ദിവസത്തിൽ കൂടുതൽ എടുക്കാൻ പാടില്ല. അത്തരം ഘട്ടത്തിൽ ബന്ധപ്പെട്ട ഓഫീസർ കാലതാമസത്തിനുള്ള കാരണം ബോധ്യപ്പെടുത്തണം.
നിസാര കാര്യങ്ങൾക്കും വ്യക്തിതാൽപര്യങ്ങൾക്കും ശത്രുസംഹാരത്തിനും പൊതുജനം ഈ നിയമം ദുരുപയോഗം ചെയ്യരുതെന്നും കമ്മീഷൻ ഓർമിപ്പിച്ചു.