മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയേണ്ട; വാഹനങ്ങൾ പിടിച്ചെടുക്കും

Share our post

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിയാൻ ഉപയോ​ഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പിന്നീട് വാഹനങ്ങൾ വിട്ടുകൊടുക്കൂ. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ വകുപ്പിന്റെ ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. 

വിനോദസഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേർന്നുള്ള സ്ഥലത്തും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർ, പാതയോരങ്ങളോട് ചേർന്നുള്ള കാടുകളിലും മറ്റും മാലിന്യം തള്ളുന്നവർ, യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക് കവറുകളും പ്ലേറ്റുകളും ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നവർ തുടങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് തീരുമാനം. ഇത്തരം വാഹനങ്ങൾ ആവശ്യമെങ്കിൽ പിടിച്ചെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. വാഹനങ്ങൾ പിടിച്ചെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് നേരത്തെ ഡിജിപിയും വ്യക്തമാക്കിയിരുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള പൊലീസുകാരടക്കം അം​ഗമായ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ ഉപയോ​ഗിച്ചാകും ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുക. 

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപവും കഴക്കൂട്ടം-എയർപ്പോർട്ട് റോഡിലും കോഴിക്കോട് താമരശ്ശേരി ചുരത്തിനോട് ചേർന്നും മാലിന്യങ്ങൾ തള്ളുന്നത് സംബന്ധിച്ച് ഉണ്ടായ ചർച്ചകളാണ് വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ഇവിടങ്ങളിൽ കടുത്ത നടപടികളിലേക്ക് നിങ്ങും മുൻപ് ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും സിസിടിവി കാമറകൾ സ്ഥാപിക്കാനും യോ​ഗം തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!