വധശ്രമത്തിന് കേസ്: മൂന്നുപേർ അറസ്റ്റിൽ

മാഹി: പന്തക്കൽ മാക്കുനിയിലെ സ്വകാര്യ ബാർ മാനേജർ വിഷ്ണുവിനെ കഴിഞ്ഞ ദിവസം തലക്ക് കുത്തി പരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ ചെണ്ടയാട് സ്വദേശി താഴെപീടിക വീട്ടിൽ അമൽരാജ് എന്ന അമ്പോച്ചൻ, പാനൂർ കൂരാറ സ്വദേശി കാർത്തിക വീട്ടിൽ സനീഷ്, മംഗലാപുരം ദേർലകട്ട സ്വദേശി നൂർ മനസിൽ അബൂബക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാറിൽ മദ്യപിച്ചതിനു ശേഷം മദ്യത്തിന്റെ ബിൽ തുക ചോദിച്ചതിന്റെ പേരിൽ കല്ലെടുത്തു തലക്ക് കുത്തി മാനേജരെ ഗുരുതരമായി പരിക്കേല്പിച്ച സംഭവത്തിലാണ് വധശ്രമത്തിന് കേസെടുത്തത്. മാനേജർ ചികിത്സയിലാണ്. മാഹി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നിർദ്ദേശനുസരണം പന്തക്കൽ എസ്.ഐ ജയരാജ്, എ.എസ്.ഐ സുരേഷ് ബാബു, പള്ളൂർ പൊലീസ് കോൺസ്റ്റബിൾ രാജേഷ് എന്നിവർ ചേർന്നാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്.