ലോകത്തെ ഏറ്റവും കാഠിന്യമേറിയ മത്സരത്തിലൊന്ന്; സര്‍വം സാഹസം ‘മങ്കി അഡ്വഞ്ചേഴ്‌സ്’

കണ്ണൂര്‍: അധികമാര്‍ക്കും പരിചയമില്ലാത്ത, ലോകത്തെ ഏറ്റവും കാഠിന്യമേറിയ കായിക മത്സരയിനമായ സാഹസിക റേസിങ്ങില്‍ ചരിത്രമെഴുതുകയാണ് കണ്ണൂരില്‍നിന്നുള്ള ‘മങ്കി അഡ്വഞ്ചേഴ്‌സ്’. സാഹസിക റേസ് ലോക സീരിസ് ഏഷ്യാ റീജ്യന്റെ ഭാഗമായി നടന്ന ഒഡീസി സാഹസിക റേസില്‍ പങ്കെടുക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്താണ് ‘മങ്കി അഡ്വഞ്ചേഴ്‌സ്’ എന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ നാട്ടില്‍ താരങ്ങളാകുന്നത്.
കേരളത്തില്‍നിന്ന് സാഹസിക റേസിങ്ങില്‍ മാറ്റുരക്കുന്ന ആദ്യസംഘമാണ് മങ്കി അഡ്വഞ്ചേഴ്‌സ്. കര്‍ണാടകയിലെ രാംനഗറില്‍ ഈ മാസം രണ്ട് മുതല്‍ നാലുവരെയായി നടന്ന 100 കിലോമീറ്റര്‍ റേസിലാണ് ‘മങ്കി അഡ്വഞ്ചേഴ്‌സ്’ ചരിത്രം സൃഷ്ടിച്ചത്.
ഗോവയില്‍നടക്കുന്ന 150 കി.മീ. ദേശീയ സാഹസിക റേസിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ‘മങ്കി അഡ്വഞ്ചേഴ്‌സ്’ ഇപ്പോള്‍.കണ്ണൂര്‍ സ്വദേശികളായ സി. സരുണ്‍ലാല്‍, ശ്രീദര്‍ശ് ഭാസ്‌കര്‍, കെ.പി.ശ്രീലക്ഷ്മി, കെ.നിധിന്‍ എന്നിവരാണ് മങ്കി അഡ്വഞ്ചേഴ്‌സിന് വേണ്ടി റേസില്‍ പങ്കെടുത്തത്.
ഇവര്‍ തന്നെയാകും ഗോവന്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുക. ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് നിലയില്‍ ആദ്യമെത്തുന്ന മൂന്ന് സംഘങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ നടക്കുന്ന രാജ്യാന്തര റേസിങ്ങില്‍ പങ്കെടുക്കാം.
”ഇത് രണ്ടാം തവണയാണ് ഒഡീസി റേസില്‍ പങ്കെടുക്കുന്നത്. ഇത്തവണത്തെ റേസില്‍ മൂന്നാമതായിരുന്നു നമ്മള്‍, ഓള്‍ ഏഷ്യന്‍ ലെവലില് നാലാമതും. ഗോവന്‍ ചാമ്പ്യന്‍ഷിപ്പ് പുതുലക്ഷ്യങ്ങള്‍ക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നത്, സ്ഥാപകനും സാഹസിക റേസിങ്ങ് കോച്ചുമായ കണ്ണൂര്‍ അലവില്‍ സ്വദേശി സി. സരുണ്‍ലാല്‍ പറയുന്നു.
ആരാണ് ‘മങ്കി അഡ്വഞ്ചേഴ്‌സ്’?
സാഹസികതയെ പ്രണയിക്കുന്ന 50-ലധികം അംഗങ്ങളുള്ള ഒരു കൂട്ടായ്മയാണ് ‘മങ്കി അഡ്വഞ്ചേഴ്‌സ്’. വിര്‍ച്വല്‍ ലോകത്തില്‍നിന്ന് പുറത്തിറങ്ങി, പ്രകൃതിയിലെ സാധ്യതകളെ കീഴടക്കുകയാണ് മങ്കി അഡ്വഞ്ചേഴ്‌സ് ചെയ്യുന്നത്. സാഹസിക റേസിങ്ങില്‍ തത്പരരായവര്‍ക്ക് പരിശീലനവും മങ്കി അഡ്വഞ്ചേഴ്‌സ് ഒരുക്കുന്നുണ്ട്, സരുണ്‍ പറയുന്നു. ലോക സാഹസിക റേസിങ്ങ് സീരീസിന്റെ ലൈസന്‍സ് ലഭിച്ചിട്ടുള്ള രാജ്യത്തെ ഏക സംഘടനയായ ‘എന്ത്അഡ്വഞ്ചറിന്റെ സഹകരകണത്തോടെയാണ് ‘മങ്കി അഡ്വഞ്ചേഴ്‌സ്’ പ്രവര്‍ത്തിക്കുന്നത്.
എന്താണ് സാഹസിക റേസിങ്ങ് ?
മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കാവുന്ന മത്സരയിനമാണ് സാഹസിക റേസിങ്ങ് (അഡ്വഞ്ചര്‍ റേസിങ്ങ് അഥവാ എക്‌സ്‌പെഡീഷന്‍ റേസിങ്ങ്). കായികയിനങ്ങളായ ഡെക്കാത്തലണ്‍, ഹെപ്റ്റാത്തലണ്‍ തുടങ്ങിയവയെ അനുകരിക്കുംവിധം കയാക്കിങ്ങ്, ട്രെക്കിങ്ങ്, സൈക്ലിങ്ങ് തുടങ്ങി സംയോജിത മത്സരങ്ങളുടെ കൂട്ടം. ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് നിധി കണ്ടെത്താന്‍ സഞ്ചരിക്കുംപോലുള്ള, കിലോമീറ്ററുകള്‍നീളുന്ന യാത്രകളാണ് റേസിങ്ങിന്റെ പ്രത്യേകത.
ചുരുക്കത്തില്‍ ‘നിധി കണ്ടെത്തല്‍’ മത്സരങ്ങളുടെ ബൃഹത്രൂപം. ഭൂപടങ്ങളുടെ സഹായത്തോടെ ദിശാനിര്‍ണയത്തിന് പ്രാധാന്യം നല്കിയാണ് റേസ് നടക്കുക. ഓരോ സ്ഥലങ്ങളിലും ഓരോ പഞ്ചിങ്ങ് കേന്ദ്രങ്ങളുണ്ടാകും. ഭൂപടങ്ങള്‍ അല്ലാതെ ഫോണ്‍, വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും മത്സരത്തിന് ഉപയോഗിക്കാനാവില്ല. നാല് പേരടങ്ങുന്ന സംഘങ്ങളായാണ് റേസ് നടക്കുക. ലിംഗസമത്വത്തിനും പ്രാധാന്യംനല്‍കുന്ന റേസില്‍ ഓരോ സംഘത്തിലും ഒരു വനിതാ മത്സരാര്‍ഥി നിര്‍ബന്ധമാണ്.