മാഹിയില്‍ നിന്ന് ഇടുക്കി ഹൈറേഞ്ചിലേക്ക് വര്‍ഷങ്ങളായി മദ്യക്കടത്ത്; പ്രധാനി അറസ്റ്റില്‍

കട്ടപ്പന(ഇടുക്കി): വര്‍ഷങ്ങളായി മാഹിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി മൂന്നാര്‍ മുതല്‍ കട്ടപ്പനവരെയുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. ലബ്ബക്കട തേക്കിലക്കാട്ടില്‍ രാജേഷ് എന്ന രതീഷിനെ (42) ആണ് കട്ടപ്പന ഡിവൈ.എസ്.പി. വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. തുടക്കത്തില്‍ ബസില്‍ മദ്യം കടത്തിക്കൊണ്ടിരുന്ന രതീഷ് പിന്നീട് വാനിലും കാറിലും മദ്യം ഹൈറേഞ്ചിലേക്കൊഴുക്കി.
മാഹിയില്‍ നിന്ന് 150 രൂപയ്ക്ക് വാങ്ങുന്ന മദ്യം ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് 350 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇതേ മദ്യം 500-600 രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് ലഭിച്ചിരുന്നത്. മാഹിയില്‍നിന്ന് ഹൈറേഞ്ചിലേക്ക് മദ്യം എത്തുന്ന വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെത്തുടര്‍ന്ന് സംഘം നിരീക്ഷണത്തിലായിരുന്നു.
വെള്ളിയാഴ്ച രാത്രി കാറില്‍ മദ്യം എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വെള്ളയാംകുടിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 70 കുപ്പി മദ്യവുമായി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഒറ്റത്തവണ വാനില്‍ 350 ലിറ്റര്‍ മദ്യംവരെ കടത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
എസ്.ഐ.മാരായ ലിജോ പി.മണി, മധു, ഷംസുദ്ദീന്‍, എസ്.ഐ. സജിമോന്‍ ജോസഫ്, എസ്.സി.പി.ഒ.മാരായ ജോര്‍ജ്, സിനോജ്, ജോബിന്‍, സി.പി.ഒ. മാരായ വി.കെ.അനീഷ്, ശ്രീകുമാര്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.