നാട്ടുകാരെ മുഴുവൻ വായനക്കാരാക്കി ചൂളിയാട് നവോദയ ഗ്രന്ഥാലയം

കണ്ണൂർ : വൈകുന്നേരങ്ങളിൽ ചൂളിയാട് നവോദയ ഗ്രന്ഥാലയത്തിലെത്തിയാൽ ഏതെങ്കിലും സർവകലാശാലാ ലൈബ്രറിയാണെന്ന് തോന്നിപ്പോകും. പുതിയ പുസ്തകങ്ങൾ എടുക്കാനും വായിച്ചവ മടക്കി മറ്റൊന്ന് എടുക്കാനും വരുന്നവർ. പത്രങ്ങളും ആനുകാലികങ്ങളും വായിക്കുന്നവർ. ഒരു ഭാഗത്ത് ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചുള്ള സജീവ ചർച്ചകൾ. വീടുകളിൽ എത്തിച്ച് കൊടുക്കുന്നതിനുള്ള പുസ്തകങ്ങൾ തരംതിരിക്കുന്ന വനിതാപ്രവർത്തകർ. കാരംസും ചെസ്സും കളിക്കുന്നവർ വേറൊരു മുറിയിൽ..
ചൂളിയാട് തലക്കോട് ഗ്രാമത്തിൽ ആധുനികതയുടെ വെളിച്ചമെത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച നവോദയ ഗ്രന്ഥാലയം 65-ന്റെ നിറവിലാണ്. ജില്ലയിലെ 55 ‘എ പ്ലസ്’ ലൈബ്രറികളിൽ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് മുന്നിട്ട് നിൽക്കുകയാണ് 1958-ൽ സ്ഥാപിച്ച നവോദയ ഗ്രന്ഥാലയം.
ഗ്രന്ഥാലയവും നവോദയ കലാസമിതിയും സംയുക്തമായി സംഘടിപ്പിച്ച പി.എസ്.സി. ക്ലാസുകൾ വഴി ഏറെപ്പേർക്ക് സർക്കാർ ജോലി ലഭിച്ചു. എല്ലാ വീടുകളും ഒന്നു മുതൽ മൂന്നും നാലും സർക്കാർ ജോലിയുള്ളവരുടെ നാടാണ് മലപ്പട്ടം. ഇതേ പഞ്ചായത്തിലെ ചൂളിയാടും ആ വഴിയെ സഞ്ചരിക്കുന്നു.
ഗ്രന്ഥാലയത്തിന് കീഴിൽ സ്പോർട്‌സ് ക്ലബ്, കലാസമിതി, സംഘങ്ങളുടെ കോ ഓർഡിനേഷൻ കമ്മിറ്റി, ചാരിറ്റബിൾ സൊസൈറ്റി, വിദ്യാഭ്യാസ-തൊഴിൽ സബ് കമ്മിറ്റി, അക്ഷരസേന, രക്തദാനസേന, വനിതാവേദി, ബാലവേദി, വയോജനവേദി, യുവജനവേദി, ലഹരിവിരുദ്ധ ക്ലബ് എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളെ നൃത്തം, വോളിബോൾ, ചിത്രകല എന്നിവ പരിശീലിപ്പിക്കുന്നു.
18,500 പുസ്തകങ്ങൾ ഗ്രന്ഥകാരൻമാരുടെ പേരിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. 1350 അംഗങ്ങളുണ്ട്. സ്കൂളുകളിൽ സ്ഥാപിച്ച അക്ഷരപ്പെട്ടിയിൽ കുട്ടികൾ വായനക്കുറിപ്പ് തയ്യാറാക്കി ഇടുന്നുണ്ട്. മുഴുവൻ വീടുകളിലും വനിതാ ലൈബ്രേറിയൻ പുസ്തക വിതരണം നടത്തുന്നു.
വഴിവിളക്കുകൾ സ്ഥാപിച്ചു
പ്രധാന വഴികളിൽ സമീപ വീടുകളിൽനിന്നും വഴിവിളക്കുകൾ സ്ഥാപിച്ച് നാടിന് വെളിച്ചമേകുന്നു. മലപ്പട്ടം കണിയാർവയൽ റോഡിന്റെ ഇരുവശങ്ങളിലും 200 പുച്ചെടിച്ചട്ടികൾ സ്ഥാപിച്ചു. ഏതുസമയത്തും രക്തം ദാനം ചെയ്യാൻ സന്നദ്ധമായ രക്തദാനസേനയും ചാരിറ്റബിൾ സൊസൈറ്റിയും പ്രവർത്തിക്കുന്നുണ്ട്. ഐ.വി.കൃഷ്ണൻ പ്രസിഡന്റും അയനത്ത് മുകുന്ദൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.