അലുമിനിയം ബ്ലോ പൈപ്പ് രൂപത്തില്‍ എയര്‍ഹോണ്‍; അഞ്ച് ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പോയി

Share our post

എയര്‍ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് ദീര്‍ഘദൂര സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മഴക്കാലയാത്രകള്‍ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത രീതിയിലാണ് എയര്‍ഹോണ്‍ ഘടിപ്പിച്ചിരുന്നത്. ബസില്‍ എയര്‍ഹോണ്‍ ഇല്ലെന്നായിരുന്നു ഡ്രൈവര്‍മാരുടെ അവകാശവാദം.

ജോയിന്റ് ആര്‍.ടി.ഒ. എം. അന്‍വറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ബസിന്റെ അടിഭാഗത്തു നിന്ന് അലുമിനിയം ബ്ലോ പൈപ്പ് രൂപത്തില്‍ ഘടിപ്പിച്ച കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള എയര്‍ഹോണ്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ദീര്‍ഘദൂര ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള ബസുകളും മറ്റ് വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ബസിന്റെ വിന്‍ഡോ ഷട്ടര്‍, ഡോര്‍, ഇന്‍ഡിക്കേറ്റര്‍ എന്നിവയും പരിശോധിച്ചു.

അപാകങ്ങള്‍ കണ്ടെത്തിയ വാഹനങ്ങള്‍ അടുത്തദിവസം തകരാറുകള്‍ പരിഹരിച്ച് പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശം നല്‍കി. കൊണ്ടോട്ടിക്കുപുറമെ അരീക്കോട്, പള്ളിക്കല്‍, എടവണ്ണപ്പാറ ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടന്നു. ജോ. ആര്‍.ടി.ഒ. എം. അന്‍വര്‍,എം.വി.ഐ. കെ.ബി. ബിജീഷ്, എ.എം.വി.ഐ.മാരായ കെ. ദിവിന്‍, കെ.ആര്‍. റഫീഖ് എന്നിവരാണ് പരിശോധന നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!