കതിരണിയും വയൽപ്പീടിക പാടം

പിണറായി: കൃഷിപ്പാട്ടും കൈത്താളവും തീർത്ത ആരവത്തിൽ എരുവട്ടി വയൽപ്പീടിക പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം. ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർടി പ്രവർത്തകർ എന്നിവർ പാടത്തിറങ്ങിയപ്പോൾ ഞാറുനടീൽ പുതു അനുഭവമായി. നടീൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു.
പിണറായി പഞ്ചായത്തിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന പാടശേഖരമായിരുന്നു എരുവട്ടി വയൽപ്പീടിക പാടശേഖരം. കുറച്ച് വർഷങ്ങളായി ഇവിടെ ഒന്ന്, രണ്ട് വിളകകളായി 15 ഏക്കറിലാണ് കൃഷിചെയ്തിരുന്നത്. എന്നാൽ ഇക്കുറി പഞ്ചായത്ത്, കൃഷിഭവൻ, പാടശേഖര സമിതികൾ, കാർഷിക കർമസേന, സന്നദ്ധ സംഘടനകൾ ചേർന്ന് കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചു.
നാല് പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യാൻ സൗകരമൊരുക്കി. ഒന്നാം വിളയായി 85 ഏക്കറിൽ കൃഷിയിറക്കി. ലഭിക്കുന്ന നെല്ല് പിണറായി പഞ്ചായത്തിന്റെ ബ്രാൻഡിൽ അരിയും മറ്റ് ഉൽപ്പന്നങ്ങളുമാക്കി വിപണിയിലിറക്കാൻ ‘പ്രവാസി തളിർ കൃഷിക്കൂട്ടം ’ സന്നദ്ധരാവുകയാണ്.
പച്ചക്കറി, ചെറുധാന്യം തുടങ്ങിയവ കൃഷിചെയ്യാനൊരുങ്ങുകയാണിവർ. വിദ്യാർഥികളെ ഉൾപ്പെടുത്തി പുതുതലമുറകളെ കൃഷിയിലേക്ക് ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്‌മ.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രാജീവൻ അധ്യക്ഷനായി.
പ്രിൻസിപ്പൽ കൃഷി ഓഫീസർ ലൂയിസ് മാത്യൂ, ജില്ലാ പഞ്ചായത്തംഗങ്ങളായ മുഹമ്മദ് അഫ്സൽ, കോങ്കി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുരിക്കോളി പവിത്രൻ, ടി. നിസാർ അഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, എം. എൻ പ്രദീപ്, വിഷ്ണു എസ്. നായർ, വി. വി അജീഷ്, പി. വി വേണുഗോപാലൻ, പി. പ്രമിള, കെ ഹംസ, കെ ജയദേവൻ, എ. പി മോഹനൻ, കെ. രാഘവൻ, ടി സുധീർ, പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.