കണ്ണൂർ: ജൂൺ പകുതിയായിട്ടും തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ താളംതെറ്റി ഒന്നാംവിള നെൽകൃഷി. വളർച്ചയുടെ ഓരോഘട്ടത്തിലും നെൽകൃഷിക്ക് പാടങ്ങളിൽ ശരാശരി അഞ്ചുമുതൽ 10 സെന്റീമീറ്റർ വരെ വെള്ളം വേണം. സാധാരണ ഭൂരിഭാഗം പാടങ്ങളിലും ജൂൺ പകുതിയോടെ നാട്ടിപ്പണിയും തീരും.
എന്നാൽ, ഇക്കുറി ഒറ്റ പാടശേഖരത്തിലും ഞാറ് പറിച്ച് നടാൻ പോലും തുടങ്ങിയിട്ടില്ല. വെള്ളക്കെട്ടുണ്ടാവുന്ന പാടശേഖരങ്ങൾപോലും വരണ്ടു. ജലസേചനത്തിലൂടെ നാട്ടിപ്പണി നടത്താനുള്ള അവസ്ഥയുമില്ല.
മഴയില്ലാത്തതിനാൽ കളയും കീടങ്ങളും വർധിക്കും.
നെല്ലിന് ശാഖ പൊട്ടാതാകും. നിലവണ്ടിന്റെയും ഓല ചുരുട്ടിപ്പുഴുവിന്റെയും ആക്രമണവുമുണ്ടാകും. കതിരിടുന്ന സമയം അമിതമഴ പെയ്‌താൽ നെല്ല് പതിരാവും. പരാഗം നടക്കുമ്പോഴും അമിതമഴ പ്രശ്‌നമാണ്. മഴയുടെ ഈ അസ്ഥിര സ്വഭാവം രണ്ടാം വിള നെൽകൃഷിയെയും ബാധിക്കും.
കഴിഞ്ഞ മെയ് മാസത്തുണ്ടായ അമിതമഴ കാരണം പൊടി ഞാറിടുന്നതിന് പകരം വിതയ്‌ക്കുകയായിരുന്നു. എന്നാൽ, ജൂണിൽ മഴ നന്നേ കുറഞ്ഞു. ഇക്കുറിയും നെൽകൃഷിക്ക് കാലവർഷം കനിയാതായതോടെ മൂപ്പെത്തിയ ഞാറ് കീടബാധയിൽ നശിക്കുകയാണ്. നാലില വരുമ്പോൾ ഞാറ് പറിച്ച് നട്ടില്ലെങ്കിൽ ചെടി അഴുകാൻ തുടങ്ങും. ഇപ്പോൾ ഇലകൾ ആറിലെത്തിയിരിക്കുകയാണ്.
മഴയും വെയിലും മാറിവരുന്ന കാലാവസ്ഥയിൽ പുഴുശല്യം കൂടുമെന്ന് മയ്യിൽ നെല്ലുൽപാദക സംഘം എംഡി ടി കെ ബാലകൃഷ്‌ണൻ പറയുന്നു. മയ്യിൽ പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളിലും കീടബാധയുണ്ട്. ഒന്നാംവിള നെൽകൃഷി ചെയ്യുന്നത് 500 ഏക്കറോളം പാടങ്ങളിലാണ്. പുള്ളിക്കുത്തും കുമിൾ രോഗവും ഞാറിനെ ബാധിച്ചതിനൊപ്പം കാട്ടുപന്നി ശല്യവുമുണ്ട്. വേനൽമഴ ലഭിക്കാത്തതിനാൽ കരനെൽകൃഷിയും കുറഞ്ഞു–- ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
ഞാറ് കൃത്യസമത്ത് നട്ടില്ലെങ്കിൽ ഉൽപാദനം 40 ശതമാനം കുറയുമെന്ന് കൃഷിവിദഗ്‌ധൻ മലപ്പട്ടം പ്രഭാകരൻ പറയുന്നു. നെല്ലിന് ആവശ്യമായ ചിനപ്പുണ്ടാകുന്നതിനും കൃത്യസമയത്ത് നടണം. ഹ്രസ്വകാല വിളകളായ ജ്യോതി, ത്രിവേണി, അന്നപൂർണ എന്നിവ 20 ദിവസത്തിനകവും മധ്യകാല വിളകളായ ഉമ, ജയ, ആതിര, ശ്രേയസ്, പ്രത്യാശ എന്നിവ 30 ദിവസത്തിനകവും പറിച്ചുനടണം. കൂടുതൽ കർഷകർ ആശ്രയിക്കുന്നത് മധ്യകാല വിളകളെയാണ്–- പ്രഭാകരൻ വ്യക്തമാക്കി.
പാടശേഖരസമിതിക്ക് നെൽവിത്തും കുമ്മായവും നേരത്തെ എത്തിച്ചതായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ പറഞ്ഞു. മറ്റ് ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭിക്കും. നാട്ടിപ്പണി വൈകിയതിനാൽ ഒന്നാംവിള നെൽകൃഷയുടെ കണക്ക് കൃത്യമായി ലഭിച്ചിട്ടില്ല. ജില്ലയിൽ ഏകദേശം 2500 ഹെക്ടറിലാണ് ഒന്നാംവിള നെൽകൃഷി. കരനെൽകൃഷി ഈ വർഷം കുറവാണ്–- പ്രദീപൻ പറഞ്ഞു.