കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങളോടെ ലോൺ, അവസരമൊരുക്കുന്നത് മാരുതി

കൊച്ചി: മാരുതി കാറുകൾക്ക് വായ്പ നൽകാൻ ബജാജ് ഫിനാൻസ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചു. പൂർണമായി ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ലോൺ അനുവദിക്കുക. അതുകൊണ്ടു തന്നെ ഉപഭോക്താക്കൾക്ക് ലോൺ എടുക്കുക എന്നത് കൂടുതൽ എളുപ്പമാകുമെന്ന് ബജാജ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ രാജീവ് ജയിൻ പറഞ്ഞു.
ഇതോടെ മികച്ച ആനുകൂല്യങ്ങളോടു കൂടിയ കാർ വായ്പകൾ മാരുതി സുസുക്കി ഉപഭോക്താക്കൾക്ക് ലഭിക്കും.ഉപഭോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ ബജാജ് ഫിനാൻസിന് ആകുമെന്നും കാർ വായ്പരംഗത്ത് ബജാജ് ഫിനാൻസിന് തനത് മാറ്റങ്ങൾ കൊണ്ടുവരാൻ ആകുമെന്നും രാജീവ് ജെയിൻ പറഞ്ഞു.
ബജാജ് ഫിനാൻസുമായി സഹകരിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത സേവനങ്ങൾ നൽകാനാകുമെന്ന് മാരുതി സുസുക്കിഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ ശശാങ്ക ശ്രീവാസ്തവ വ്യക്തമാക്കി. ഇന്ത്യയിൽ വായ്പയിലൂടെയാണ് 80 ശതമാനം കാറുകളും മാരുതി വിൽക്കുന്നത്. ഈ സാഹചര്യത്തിൽ ബജാജ് ഫിനാൻസ് കാർ വായ്പാ രംഗത്തേക്ക് വന്നത് കാർ വിപണിക്ക് കൂടുതൽ ഉണർവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.