ടിപ്പർ ലോറികളുടെ മത്സരയോട്ടം തടയാൻ വേഗപ്പൂട്ടുമായി കണ്ണവം പോലീസ്

ചിറ്റാരിപ്പറമ്പ് : സ്കൂൾ സമയത്ത് റോഡിലൂടെ മത്സര ഓട്ടവും മരണപ്പാച്ചിലും നടത്തുന്ന ടിപ്പർ ലോറികൾക്കെതിരേ നിയമ നടപടിയുമായി കണ്ണവം പോലീസ്. സ്കൂൾ സമയങ്ങളിൽ ഓടരുതെന്ന കളക്ടറുടെ ഉത്തരവ് ലംഘിച്ച് മരണപ്പാച്ചിൽ നടത്തിയ നിരവധി ടിപ്പർ ലോറികളാണ് കഴിഞ്ഞദിവസം കണ്ണവം എസ്.എച്ച്.ഒ. ടി.എം. വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.
രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകീട്ട് നാല് മുതൽ ആറ് വരെയും ടിപ്പർ ലോറികൾ നിരത്തിലിറക്കരുത് എന്നാണ് കളക്ടറുടെ ഉത്തരവ്.
ചെറുവാഞ്ചേരി, ചിറ്റാരിപ്പറമ്പ്, കണ്ണവം, കോളയാട് പ്രദേശങ്ങളിൽ സ്കൂൾ സമയത്തുള്ള ലോറികളുടെ മരണപ്പാച്ചിലിനെതിരേ നാട്ടുകാരും സ്കൂൾ അധികൃതരും കണ്ണവം പോലീസിൽ പരാതി നൽകിയിരുന്നു. വളവും കയറ്റവും ഇറക്കവും ഉള്ള കണ്ണവം-ചെറുവാഞ്ചേരി റോഡിൽ കൂടിയുള്ള ടിപ്പർ ലോറികളുടെ അമിതവേഗം കാരണം നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു.
ടിപ്പർ ലോറികളുടെ അമിതവേഗത്തിനെതിരേ വരുംദിവസങ്ങളിൽ കർശനമായ നടപടികളുണ്ടാകുമെന്ന് കണ്ണവം പോലീസ് അറിയിച്ചു. എസ്.ഐ. മിഥുൻ, അനീഷ് കുമാർ, പ്രജിൽ, അനീസ്, ഷിജിൽ, സത്യൻ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.