ഗുരുവായൂര്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ദര്‍ശനത്തിനുള്ള സമയം ഒരു മണിക്കൂര്‍ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ ശുപാര്‍ശ കത്ത് പരിഗണിച്ചാണ് ഭരണസമിതി തീരുമാനം. തീരുമാനം ശനിയാഴ്ച മുതല്‍ നടപ്പാകും.
എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഓണം, ക്രിസ്മസ് സ്കൂള്‍ അവധിക്കാലത്തും മറ്റു പൊതു അവധി ദിനങ്ങളിലും ഇനി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30ന് തുറന്ന് ശീവേലി കഴിഞ്ഞ് ഭക്തരെ പ്രവേശിപ്പിക്കും. നിലവില്‍ വൈകുന്നേരം നാലര മണിക്ക് നടതുറന്ന് ശീവേലി കഴിഞ്ഞായിരുന്നു ഭക്തര്‍ക്ക് പ്രവേശനം.
ഉച്ചകഴിഞ്ഞ് 3.30ന് നട തുറക്കുന്നതോടെ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി ഭക്തര്‍ക്ക് അധികമായി ലഭിക്കും. കൂടുതല്‍ ഭക്തര്‍ക്ക് ഭഗവദ് ദര്‍ശനം സാധ്യമാക്കാനാണ് ഭരണസമിതി തീരുമാനം.
ദേവസ്വം ഭരണ സമിതി യോഗത്തില്‍ ചെയര്‍മാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, മുൻ എം.പി, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി. നായര്‍, വിജി രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയൻ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.