മാലിന്യം തള്ളൽ, അനധികൃത മണൽക്കടത്ത്: കൈയോടെ പൊക്കാൻ ‘സ്മാർട്ട് ഐ”

കണ്ണൂർ: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതും അനധികൃത മണൽക്കടത്തും അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്മാർട്ട് ഐ പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് . മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടമായി പതിനഞ്ച് പഞ്ചായത്തുകളിലാണ് ജില്ലയിൽ സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുന്നത്.പലയിടങ്ങളിലും ആളൊഴിഞ്ഞ സ്ഥലത്ത് രാത്രി കാലങ്ങളിൽ ഉൾപ്പെടെ മാലിന്യം തള്ളുന്നതും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതും പതിവാകുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.
ജില്ലയിൽ 1,500 ഓളം കാമറകളാണ് ഇത്തരത്തിൽ സ്ഥാപിക്കുന്നത്.ആദ്യഘട്ടമെന്ന നിലയിലാണ് 15 പഞ്ചായത്തുകളിൽ ക്യാമറകൾ സ്ഥാപിച്ചത്.പാപ്പിനിശേരി, വളപട്ടണം ഭാഗങ്ങളിൽ വ്യാപകമായ മണലൂറ്റും മണൽ കടത്തും പുഴകളിൽ അറവ് മാലിന്യം തള്ളുന്നതും പതിവാണ് . ജലസ്രോതസുകളിൽ മാലിന്യം തള്ളി കടന്നു കളയുന്ന സ്ഥിരം സംഘങ്ങളെ നിലയ്ക്ക് നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി.
ഇത്തരക്കാരെ കൈയോടെ പിടിക്കാൻ ക്യാമറകൾ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.പഞ്ചായത്തിൽ അഞ്ച് ക്യാമറകൾ വിദഗ്ധ സംഘം പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് ക്യാമറകൾ സ്ഥാപിച്ചത്.ഓരോ പഞ്ചായത്തിലും കുറഞ്ഞത് അഞ്ചു കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. മൂന്നുകോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്.
കണ്ണൂർ കോർപറേഷന് 150 കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. നിലവിൽ പൊലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെ ജില്ലയുടെ ചില ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്രക്ക് കാര്യക്ഷമമായില്ല. കൂടുതൽ മേഖലകളിൽ കാമറകൾ വരുന്നതോടെ കുറ്റകൃത്യങ്ങൾ തെളിയിക്കാനും തെളിവുകൾ ശേഖരിക്കാനും പൊലീസിനും സഹായകമാകും.പ്രവർത്തനം ഇങ്ങനെ ജില്ല ആസ്ഥാനവുമായി കേബിൾ വഴി ക്യാമറകൾ ബന്ധിപ്പിക്കും.
സർവറും മറ്റ് കാര്യങ്ങളും ജില്ല പഞ്ചായത്താണ് ഒരുക്കുന്നത്.പ്രവർത്തനം മോണിറ്ററിംഗ് ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് ഓഫിസ് കേന്ദ്രീകരിച്ചാണ്. കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളജിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. കേബിൾ വഴി കാമറകൾ ബന്ധിപ്പിക്കുന്നതിനാൽ തകരാർ സംഭവിച്ചാലും ബന്ധം വിച്ഛേദിക്കപ്പെട്ടാലും വിവരം ലഭിക്കും.ബാക്കിയുള്ള സ്ഥലങ്ങളിലും ക്യാമറ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ നടക്കുകയാണ്.