ഒഴിവാക്കാം വൈദ്യുതി അപകടങ്ങൾ; ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി

കണ്ണൂർ : മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതു ജനങ്ങൾക്കായി കെ.എസ്.ഇ.ബി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വഴിയിൽ പൊട്ടി വീണ കമ്പികളിൽ നിന്നും മറ്റും ഷോക്കേറ്റ് അപകടങ്ങൾ സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ പൊട്ടി വൈദ്യുത കമ്പികളുടെയോ ട്രാൻസ്ഫോമറിനോ മുകളിൽ വീണാൽ ഉടൻ കെ.എസ്.ഇ.ബിയെ അറിയിക്കണം. 1912 നമ്പറിൽ വിളിച്ച് അറിയിക്കാം. കൂടാതെ അതത് സെക്‌ഷൻ ഓഫീസറെയും വിളിക്കാം. അടുത്ത ദിവസം തന്നെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും.
പൊതുനിർദേശങ്ങൾ
* വൈദ്യുത കമ്പി പൊട്ടി വീണ് കിടക്കുന്നത് കണ്ടാൽ ഒരു കാരണ വശാലും അതിൽ തൊടരുത്. കെ എസ് ഇ ബി ഓഫീസിൽ വിളിച്ച് അറിയിക്കുക.
* ഇടിമിന്നലുള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ഒഴിവാക്കുക.
* ശക്തമായ മഴയും ഇടിമിന്നലും ഉള്ളപ്പോൾ ടി വി., ഫ്രിഡ്ജ്, കംപ്യൂട്ടർ, മിക്സി, വാഷിങ്ങ് മെഷീൻ, ഹീറ്റർ, തേപ്പുപെട്ടി മുതലായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. പ്ലഗിൽ നിന്നും ഘടിപ്പിച്ച ഉപകരണങ്ങൾ ഊരിയിടുക.
* വൈദ്യുത തൂണുകളിലും സ്റ്റേ വയറുകളിലും കന്നുകാലികളെ കെട്ടരുത്.
* വൈദ്യുത കമ്പികൾക്ക് സമീപം ലോഹ നിർമിതമായ വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടി, ഏണികൾ എന്നിവ ഉപയോഗിക്കരുത്.
* മരങ്ങളോ, ശിഖരങ്ങളോ വീണ് കമ്പികൾ താഴ്ന്ന് കിടക്കുകയോ പോസ്റ്റ് ഒടിഞ്ഞ് കിടക്കുകയോ ചെയ്താൽ അടുത്തുള്ള കെ എസ് ഇ ബി ഓഫീസിൽ അറിയിക്കണം.