വെള്ളത്തിലിറങ്ങാതെ കരക്കെത്തിക്കും; ജലാശയ ദുരന്തങ്ങളിൽ രക്ഷകനായി ‘യന്തിരൻ’ 

Share our post

ഇരിട്ടി : ഒഴുക്കിൽപ്പെടുന്നവരെയും മുങ്ങിത്താഴുന്നവരെയും കോരിയെടുത്ത്‌ മിന്നൽ വേഗത്തിൽ കുതിക്കുന്ന ഒരു രക്ഷകൻ. സ്വപ്‌നമല്ല, ജലാശയ ദുരന്തങ്ങൾ നേരിടാൻ അത്തരമൊരു ‘യന്തിരൻ’ സജ്ജമാണ്‌. ഇരിട്ടിയിലെ ആർ.സി ക്യാം ഡ്രോൺ റിപ്പയർ സെന്റർ ഉടമ അഖിൽ പുതുശ്ശേരിയും എറണാകുളത്തെ ഡെക്‌സ്റ്റർ ഇന്നവേഷൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും ഇടുക്കി കട്ടപ്പന സ്വദേശിയുമായ എ.ബി. അനൂപുമാണ്‌ റസ്‌ക്യൂ റേഞ്ചർ എന്ന് പേരിട്ട ഈ ‘സൂപ്പർ യന്തിരന്റെ’ ശിൽപ്പികൾ. വെള്ളത്തിലിറങ്ങാതെ രക്ഷാപ്രവർത്തനം നടത്താമെന്നതാണ്‌ ഇതിന്റെ സവിശേഷത.

ആഴങ്ങളിലും കുത്തൊഴുക്കിലും ജലാശയ ഉപരിതലത്തിലൂടെ ആളില്ലാതെ കുതിക്കുന്ന തരത്തിലാണ്‌ റേഞ്ചറിന്റെ പ്രവർത്തനം. ഇരുവശത്തുമായി നാല് മോട്ടോറുകളുണ്ട്‌. 150 കിലോ വരെ ഭാരം വഹിച്ച് രണ്ട് കിലോമീറ്റർ വരെ റിമോട്ട് കൺട്രോൾ നിയന്ത്രണത്തിൽ സഞ്ചരിക്കാനാകും. വെള്ളത്തിൽ 25–30 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും ശേഷിയുണ്ട്. അഖിലിന്റെ ഇരിട്ടിയിലെ വീട്ടിലാണ് റസ്ക്യൂ റേഞ്ചറിന്റെ ആദ്യ പതിപ്പ് രൂപപ്പെടുത്തിയത്. പഴശ്ശി ജലാശയത്തിൽ ഉപകരണമിറക്കി കരയിലിരുന്ന് ഇരുവരും യന്ത്രത്തിന്റെ ട്രയൽ റൺ നടത്തി പ്രവർത്തനക്ഷമത ഉറപ്പാക്കി.

2018 ലെ പ്രളയം കേരളത്തെ പിടിച്ചുലച്ചപ്പോൾ ജലാശയ ദുരന്തങ്ങൾ അതിജീവിക്കാൻ കെൽപ്പുള്ള ഉപകരണം വേണമെന്ന ചിന്തയിലായിരുന്നു ഇരുവരുടെയും ഗവേഷണം. അന്ന്‌ കേരളാ പൊലീസ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ ഡ്രോൺ വിഭാഗം സ്റ്റേറ്റ് കോ- ഓഡിനേറ്റർമാരായിരുന്നു ഇരുവരും. നാല് വർഷത്തെ പരിശ്രമവും സംസ്ഥാന വ്യവസായ വകുപ്പിന്റെയും എസ്‌.ബി.ഐയുടെ സാമ്പത്തിക സഹായവും ലഭിച്ചതോടെയാണ്‌ റിമോട്ട്‌ നിയന്ത്രണത്തിൽ വെള്ളത്തിൽ രക്ഷാദൗത്യത്തിനിറങ്ങുന്ന യന്ത്രം യാഥാർഥ്യമായത്‌. ഇത്തരമൊരു രക്ഷാ ഉപകരണം ആദ്യത്തേതെന്നാണ്‌ അഖിലും അനൂപും അവകാശപ്പെടുന്നത്‌.

റെസ്ക്യൂ റേഞ്ചറിന്റെ ലോഞ്ചിങ് കഴിഞ്ഞ ദിവസം എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാന അഗ്നിരക്ഷാ സേനാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!