തലശേരി മേഖലയിലും കോൺഗ്രസിൽ പൊട്ടിത്തെറി
തലശേരി : സഹകരണ സംഘങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ഡി.സി.സി നേതൃത്വത്തിന്റെ നീക്കം തലശേരി മേഖലയിലും കോൺഗ്രസിന് തിരിച്ചടിയാവുന്നു. പാർടിവ്യവസ്ഥകൾ ലംഘിച്ച് സ്വന്തക്കാരെ പ്രതിഷ്‌ഠിക്കാനുള്ള ശ്രമത്തിനെതിരെ കോൺഗ്രസിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പെരിങ്ങളം കോ–ഓപ് അർബൻ സൊസൈറ്റി, ചൊക്ലി പീപ്പിൾസ് വെൽഫെയർ കോ–ഓപ് സൊസൈറ്റി, ചൊക്ലി വനിതാ സർവീസ് കോ–ഓപ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളാണ് ഡി.സി.സി പിടിച്ചെടുക്കാനിറങ്ങിയത്. ഈ സംഘങ്ങളിലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ വിശദീകരണം പോലും ചോദിക്കാതെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കെ.പി. ദയാനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർടി ഭരണഘടനയ്‌ക്ക് വിരുദ്ധമായാണ് നടപടി. ഇതിന് കെ.പി.സി.സി പ്രസിഡന്റിന്റെ ഒത്താശയുമുണ്ട്.
മൂന്ന സംഘങ്ങളിലെയും തെരഞ്ഞെടുപ്പിൽ ഡി.സി.സി നേതൃത്വം കെ.പി.സി.സി സർക്കുലറിന് വിരുദ്ധമായാണ് പ്രവർത്തിച്ചത്. സർക്കുലർ അനുസരിച്ച് പ്രവർത്തിച്ച ഡയറക്ടർമാരെ പാർടിവിരുദ്ധരാക്കി പുറത്താക്കി. പെരിങ്ങളം അർബൻ സൊസൈറ്റിയിൽ 20 വർഷം പ്രസിഡന്റായ ഡിസിസി ഭാരവാഹിയെ വീണ്ടും ഭാരവാഹിയാക്കി. രണ്ടുതവണയിലധികം ഭാരവാഹിയാകാൻ പാടില്ലെന്ന സർക്കുലർ നോക്കുകുത്തിയാക്കിയതിനെ ചോദ്യംചെയ്‌ത തന്നെ കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെ പാർടിയിൽനിന്ന് പുറത്താക്കിയെന്ന് ദയാനന്ദൻ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് പ്രേമദാസ്, ഡയറക്ടർമാരായ ജയചന്ദ്രൻ അണിയാരം, സുരേഷ്‌ബാബു ഇല്ലത്ത്, കെ. ഗീത, ശോഭ, സുകുമാരൻ എന്നിവർക്കെതിരെയും അച്ചടക്ക നടപടിയെടുത്തു.
ചൊക്ലി പീപ്പിൾസ് വെൽഫെയർ സൊസൈറ്റി ഭരണം പിടിച്ചെടുക്കാൻ ഡി.സി.സി നേതൃത്വം ആക്രമണമുൾപ്പെടെ നടത്തി. ഒമ്പത് പേർ മത്സരിക്കേണ്ട പാനലിൽ ആറുപേരെ നിർത്താനേ ഡി.സി.സിക്ക് സാധിച്ചുള്ളൂ. കിട്ടിയത് 27 വോട്ടും. മറുഭാഗത്ത് 163 വോട്ടുണ്ട്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും മുൻ ഡി.സി.സി അംഗവുമായ വി.കെ. ഭാസ്‌കരൻ, ഡി.സി.സി അംഗം അഡ്വ. പി.കെ. രവീന്ദ്രൻ എന്നിവരെ നടപടിക്രമം പാലിക്കാതെ പാർടിയിൽനിന്ന് പുറത്താക്കി. ഡി.സി.സി പാനലിനെതിരെ മത്സരിച്ച ഒമ്പതുപേരിൽ രണ്ടുപേരെമാത്രം പുറത്താക്കിയത് ദുരൂഹമാണെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ വി.കെ. ഭാസ്‌കരൻ, പി.കെ. രവീന്ദ്രൻ, പി.പി. പ്രേമദാസ്, സുരേഷ്ബാബു ഇല്ലത്ത്, പി.വി. ലക്ഷ്‌മി, കെ. പ്രദീപ്‌കുമാർ, കുനിയിൽ സത്യനാഥൻ എന്നിവരും പങ്കെടുത്തു.