വായന പക്ഷാചരണം സംസ്ഥാനതല സമാപനം കണ്ണൂരിൽ

കണ്ണൂർ :പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ. വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെയുള്ള വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന പരിപാടി കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ മധു അറിയിച്ചു. വായന പക്ഷാചരണം, ഗ്രന്ഥാലോകം മാസിക ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി കണ്ണൂർ ശിക്ഷക്ക് സദനിൽ സംഘടിപ്പിച്ച ജില്ലാ ലൈബ്രറി കൗൺസിൽ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായന പക്ഷാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 19ന് കൊല്ലം ജില്ലയിൽ നടക്കും. 19ന് ജില്ലാ താലൂക്ക് തലങ്ങളിൽ ഉദ്ഘാടനവും എല്ലാ ലൈബ്രറികളിലും പി. എൻ പണിക്കർ അനുസ്മരണവും നടക്കും. ജൂൺ 20, 21 തീയതികളിൽ വായനമത്സരത്തിലെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഗ്രന്ഥശാലകൾക്ക് സമീപത്തെ വിദ്യാലയങ്ങളിൽ പുസ്തക പ്രദർശനം സംഘടിപ്പിക്കും.
ജൂൺ 26ന് ലഹരി വിരുദ്ധ ദിനം സംഘടിപ്പിക്കും. ജൂൺ 29 വായനാക്കുറിപ്പ് തയ്യാറാക്കൽ, ജൂലൈ ആറിന് സ്‌കൂളുകളിൽ മദർ പി .ടി .എ യുടെ സഹകരണത്തോടെ ‘അമ്മ വായന’ പദ്ധതി എന്നിവ സംഘടിപ്പിക്കും.ജൂൺ 22 ജി ശങ്കരപിള്ള, ജൂൺ 30 ഇടപ്പള്ളി രാഘവൻപിള്ള, ജൂലലൈ ഒന്ന് പി .കേശവദേവ്, പൊൻകുന്നം വർക്കി, എൻ പി മുഹമ്മദ്, ജൂലൈ മൂന്നിന് മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യ നേതാക്കളിൽ ഒരാളായ കെ ദാമോദരൻ, ജൂലൈ നാല് വി .സാംബശിവൻ, ജൂലൈ അഞ്ച് വൈക്കം മുഹമ്മദ് ബഷീർ, ജൂലൈ ഏഴിന് ഐ. വി. ദാസ് എന്നിവരുടെ അനുസ്മരണവും സംഘടിപ്പിക്കും.
ജൂൺ 27, 28 തീയതികളിൽ ലൈബ്രറി കൗൺസിൽ മുഖ മാസികയായ ഗ്രന്ഥാലോകം മാസികയുടെ ക്യാമ്പയിനിന്റെ ഭാഗമായി വരിക്കാരെ ചേർക്കുന്ന പ്രവർത്തനവും സംഘടിപ്പിക്കും. കേരള സർക്കാരും, കേരളം സ്റ്റേറ്റ് ലൈബ്രറി കൗൺസിലും, പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായാണ് വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്.
നേതൃ സംഗമത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.കമ്മിറ്റി അംഗം എം. കെ രമേശ് കുമാർ, ജില്ലാ സെക്രട്ടറി പി. കെ വിജയൻ, ജോയിന്റ് സെക്രട്ടറി വി .കെ പ്രകാശിനി എന്നിവർ പങ്കെടുത്തു.