ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പെട്രോള്‍ ബോംബാക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം. മദ്യം വാങ്ങാന്‍ എത്തിയവരാണ് ബോംബ് എറിഞ്ഞത്. സംഭവത്തില്‍ ഇടവനക്കാട് സ്വദേശി സോനുകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സോനുവും സുഹൃത്ത് ബോണിയും മദ്യം വാങ്ങുന്നതിനായി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ എത്തിയതായിരുന്നു. ഇതിന് ശേഷം സോനു ബെവ്‌കോയിലെ വനിതാ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരുടെ പരാതിയിൽ പോലീസ് സ്ഥലത്തെത്തി സോനുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇതിന് പിന്നാലെയുണ്ടായ പ്രകോപനത്തിലാണ് സോനുകുമാറിന്റെ സുഹൃത്ത് ബോണി സ്ഥലത്തെത്തി പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബോണിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും പോലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സോനുകുമാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.