കുഞ്ഞിമംഗലത്തെ മിഥുനിന്റെ വെങ്കലവിളക്കുകൾ ഇസ്രായേലിലെ ജൂതപ്പള്ളിയിലേക്ക്

Share our post

കുഞ്ഞിമംഗലം : കുഞ്ഞിമംഗലം കുതിരുമ്മലിലെ ശിൽപ്പി ടി.വി. മിഥുൻ നിർമിച്ച വെങ്കല വിളക്കുകൾ കടൽ കടക്കുന്നു. ഇസ്രായേലിലെ ജൂതപ്പള്ളി അധികൃതരാണ്‌ വിളക്കുകൾ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മിഥുനിനെ സമീപിച്ചത്‌. കെടാവിളക്കടക്കം അഞ്ചെണ്ണം നിർമിച്ച് ഇസ്രായേലിലേക്ക്‌ അയച്ചു. രണ്ടെണ്ണം നിർമാണത്തിലാണ്.  

 ദീർഘകാലമായി ശിൽപ്പ നിർമാണരംഗത്തുള്ള മിഥുൻ നിർമിച്ച വിളക്കുകളുടെയും വിഗ്രഹങ്ങളുടെയും ശിൽപ്പങ്ങളുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവെയ്‌ക്കാറുണ്ടായിരുന്നു. ഇവയുടെ മനോഹാരിത കണ്ടാണ്‌ ഇസ്രായേലിൽനിന്ന്‌ അന്വേഷണമെത്തിയത്‌. ഇസ്രായേലി ഭാഷയിലുള്ള ജൂതസൂക്തങ്ങൾ അതീവ സൂക്ഷ്മമായി ആലേഖനം ചെയ്താണ് വിളക്ക്‌ നിർമിച്ചത്‌. പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയുടെ വെങ്കലശിൽപ്പമാണ് മിഥുൻ ആദ്യമായി നിർമിച്ചത്‌. എട്ട് മാസമെടുത്ത്‌ ഒരുക്കിയ ശിൽപ്പം പൂർത്തിയായി. കഴിഞ്ഞ ദിവസം എം. വിജിൻ എം.എൽ.എ സന്ദർശിച്ചു.

ക്ഷേത്രങ്ങളിലേക്കും മറ്റും ആശ്യമുള്ള വിളക്കുകളും വിഗ്രഹങ്ങളും ഓട്ടുപാത്രങ്ങളുമെല്ലാം മിഥുൻ നിർമിച്ചുനൽകുന്നുണ്ട്. മാവേലിക്കര രാജാരവിവർമ കോളേജിൽനിന്ന് ശിൽപ്പ കലയിൽ ബിരുദവും തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽനിന്ന്‌ ബിരുദാനന്തര ബിരുദവും നേടിയ മിഥുൻ പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാധ്യാപകനാണ്. അച്ഛൻ മുരളീധരനും അച്ഛന്റെ സഹോദരങ്ങളുമെല്ലാം ശിൽപ്പ നിർമാണരംഗത്ത് സജീവമാണ്. ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം, ശിൽപ്പകലാ വിദ്യാർഥികൾക്കുള്ള ലളിതകലാ അക്കാദമി പുരസ്കാരം എന്നീ അംഗീകാരങ്ങളും മിഥുനിനെത്തേടിയെത്തിയിട്ടുണ്ട്‌. ഇ.പി. സിന്ധുവാണ്‌ മിഥുനിന്റെ അമ്മ. സഹോദരി: നീനു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!