നിയമ ലംഘനം കണ്ടതും വീഡിയോയെടുത്തു, പതിനായിരം രൂപ വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതെ അധികൃതരെ വിവരമറിയിച്ചു

ആലുവ: ദേശീയപാതയിൽ മാലിന്യം നിക്ഷേപിച്ചവർ 10,000 രൂപ വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതെയാണ് വീഡിയോ പകർത്തി ലോറി ഡ്രൈവർ കണ്ണൂർ കൂത്തുപറമ്പ് പാറ്റ പൊയ്ക ചോയിപറമ്പിൽ രതീഷ് (42) വിവരം പൊലീസിന് കൈമാറിയത്.
ദേശീയപാതയിൽ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള കാമറയിൽ മാലിന്യ നിക്ഷേപം പെടാതിരിക്കാൻ രതീഷിന്റെ ലോറിയുടെ മറയിലെത്തിയാണ് പ്രതികളായ ആലുവ ഉളിയന്നൂർ കാട്ടിപ്പറമ്പ് ബി.കെ. ബിൻഷാദ് (35), ചെങ്ങമനാട് പാലപ്രശേരി തച്ചകത്ത് ടി.ബി. സജീർ (40) എന്നിവർ മാലിന്യം തള്ളിയത്.
ഇത് രതീഷ് കാമറയിൽ പകർത്തിയതായി പ്രതികൾക്ക് വ്യക്തമായതോടെയാണ് പണം വാഗ്ദാനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പണം കൈപ്പറ്റാൻ മനസനുവദിച്ചില്ലെന്ന് രതീഷ് പറഞ്ഞു.പെരുമ്പാവൂരിൽ പ്ലൈവുഡ് നിർമ്മാണ കമ്പനിയിലേക്ക് വിനാഗിരിയുമായെത്തിയതാണ് രതീഷ്.
തിരികെ ലോഡ് ലഭിക്കുന്നതിനായി മുട്ടത്തെ ലോറി ഏജൻസിയുടെ ഓഫീസിന് സമീപമാണ് ലോറി പാർക്ക് ചെയ്തിരുന്നത്. ചൊവ്വാഴ്ച്ച രാവിലെ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനായി ലോറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ രൂക്ഷഗന്ധം അനുഭവപ്പെട്ടു. മാലിന്യം നിക്ഷേപിച്ചതാണെന്ന് മനസിലായതിനാൽ മറ്റൊരു സ്ഥലത്തേക്ക് ലോറി മാറ്റിയിട്ടു.
ബുധനാഴ്ച്ച പുലർച്ചെ നാല് മണിയോടെ സ്വന്തം ലോറിയോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നത് കണ്ടയുടൻ വീഡിയോ എടുത്ത് 112ലേക്ക് അറിയിക്കുകയായിരുന്നു. വാഹനത്തിലെ മൂന്ന് പേരെ പിടിച്ചു വച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു.
പിടിച്ചപ്പോഴാണ് പണം നൽകാമെന്ന വാഗ്ദാനം ലഭിച്ചത്. അതിലൊന്നും മയങ്ങാതെ പൊലീസ് സ്ഥലത്തെത്തും വരെ പ്രതികളെ രതീഷ്പിടിച്ചുനിർത്തുകയായിരുന്നു.പാരിതോഷികം ലഭിക്കുമെന്ന് പ്രതീക്ഷിച്ചല്ല, വീഡിയോ എടുത്തതും പൊലീസിനെ അറിയിച്ചതെന്നും രതീഷ് പറഞ്ഞു.പത്താം ക്ലാസ് കഴിഞ്ഞതോടെ ലോറി ക്ളീനറായാണ് ജോലി തുടങ്ങിയത്.