ആസ്പത്രിയിൽ അർധരാത്രിയിലെത്തിയത് മകനെ കാണിക്കാൻ, തിരിച്ചു പോകുംവഴി അപകടം; അച്ഛനും മകനും ദാരുണാന്ത്യം

Share our post

അരിമ്പൂർ: രോഗിയുമായി വന്ന ആംബുലൻസും ആസ്പത്രിയിൽ നിന്ന് മടങ്ങിയവരുടെ ഓട്ടോ ടാക്സിയും നേർക്കുനേർ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ (28), ഏകമകൻ അദ്രിനാഥ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

ജിതിന്റെ ഭാര്യ തളിക്കുളം യത്തീംഖാനയ്ക്കു സമീപം താമസിക്കുന്ന നീതു (23), നീതുവിന്റെ അച്ഛൻ ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ എറവ് അഞ്ചാംകല്ലിൽ കപ്പൽപള്ളിക്കു മുന്നിൽ വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ആംബുലൻസ് ഡ്രൈവറും രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അദ്രിനാഥ് ഛർദിച്ചതിനെത്തുടർന്ന് രാത്രി 12.30-ഓടെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ കാണിക്കാൻ വന്നതായിരുന്നു കുടുംബം. ടൂറിസ്റ്റ് വാനിന്‍റെ ഡ്രൈവറായ ജിതിൻ, സഹോദരന്റെ ഓട്ടോ ടാക്സിയിലാണ് ആസ്പത്രിയിലേക്ക് വന്നത്.

ആസ്പത്രിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. വണ്ടിയോടിച്ചിരുന്ന ജിതിൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്രിനാഥ് ചികിത്സയ്ക്കിടെ ഉച്ചയ്ക്ക് 2.55-ന് മരിച്ചു.

നട്ടെല്ലിന് പരിക്കേറ്റ നീതു ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. കണ്ണന് രണ്ട് ശസ്ത്രക്രിയ വേണ്ടിവരുമെങ്കിലും നില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു. ഇരുവരെയും ഓട്ടോ ടാക്സി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആസ്പത്രിയുടേതാണ് ആംബുലൻസ്. സുകുമാരനാണ് ജിതിന്റെ അച്ഛൻ. അമ്മ: ഷൈല. സഹോദരൻ: ജിജു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകർന്നു. ആംബുലൻസിന്റെ മുൻഭാഗവും തകർന്നു. ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അന്തിക്കാട് പോലീസും അഗ്നിരക്ഷാസേനയുമെത്തി.

റോ‍ഡിൽ എതിർവശത്തെ ട്രാക്കിലേക്ക് കയറിയ ഓട്ടോ ടാക്സി പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചപ്പോൾ വേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചുകയറുന്ന ദൃശ്യം റോഡരികിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ പുറത്തേക്ക് വീഴുന്നതും ദൃശ്യത്തിലുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനായി അരിമ്പൂർ പഞ്ചായത്ത് രണ്ടാം വാർഡ് നിവാസികൾ വഴിയോരത്ത് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

സഹായം തേടി പഞ്ചായത്ത്

തളിക്കുളം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നീതുവിനും അച്ഛൻ കണ്ണനും വേണ്ടി സഹായമഭ്യർഥിച്ച് തളിക്കുളം ഗ്രാമപ്പഞ്ചായത്ത്. 12-ാം വാർഡിലാണ് ഇവർ താമസിക്കുന്നത്. ഇരുവർക്കും ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി 96057 84991 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത് സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അഭ്യർഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!