ഫാദേഴ്‌സ് ഡേ വരുന്നു! അച്ഛനുമായുള്ള ബന്ധം ദൃഡപ്പെടുത്താന്‍ ആഗ്രഹിക്കുന്നോ? ഈ കാര്യങ്ങള്‍ ചെയ്യൂ

Share our post

ഈ വര്‍ഷം ജൂണ്‍ 18നാണ് ഫാദേഴ്‌സ് ഡേ ആചരിക്കുന്നത്. നമ്മുടെ സാമൂഹികവ്യവസ്ഥയുടെ പ്രത്യേകത മൂലം കുട്ടികള്‍ക്ക് പലപ്പോഴും അച്ഛന്‍മാരുമായി വൈകാരികബന്ധം സ്ഥാപിക്കാന്‍ കഴിയാറില്ല. തങ്ങളുടെ വൈകാരികമായ ആവശ്യങ്ങള്‍ക്കായി അവര്‍ ഏറ്റവുമധികം സമീപിക്കുന്നത് അമ്മമാരെയാണ്. അച്ഛനില്‍നിന്ന് ഇത്തരം സംഗതികള്‍ മറച്ചുവെയ്ക്കാനാണ് പലപ്പോഴും കുട്ടികള്‍ ശ്രമിക്കുന്നത്. എന്നാല്‍, അച്ഛനോട് സ്‌നേഹവും ബഹുമാനവും ഇല്ല എന്നല്ല ഇതിനര്‍ഥം.

പുരുഷാധിപത്യസ്വഭാവമുള്ള കുടുംബങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരത്തിലാണ് എന്നത് ദൗര്‍ഭാഗ്യകരമാണ്. ചെറുപ്പത്തില്‍ ലഭിക്കാതെ പോയ ഈ ബോണ്ടിങ് വലുതായാലും ഉണ്ടാക്കാവുന്നതേയുള്ളൂ. അച്ഛനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അച്ഛന്‍മാരുടെ സ്‌നേഹത്തെ ഒര്‍ക്കുന്നതിനുമായാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി ആചരിക്കുന്നത്. അതിനാല്‍, ഇത്തവണത്തെ ഫാദേഴ്‌സ് ഡേയ്ക്ക് യാതൊരു മടിയും നാണവും കൂടാതെ നമ്മുടെ വീടുകളിലെ അച്ഛന്‍മാരോടും അച്ഛന്റെ സ്ഥാനത്തുള്ള മറ്റ് മുതിര്‍ന്നവരോടും വൈകാരികമായ ബന്ധം സ്ഥാപിക്കാന്‍ നാം ശ്രമിക്കണം. അതിനുള്ള ഏതാനും വിദ്യകളാണ് താഴെപ്പറയുന്നത്.

ആദ്യമായി അച്ഛനേയും വിളിച്ചുകൊണ്ട്‌ എന്തെങ്കിലും വിനോദ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക. രണ്ടുപേര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള എന്തെങ്കിലും പ്രവൃത്തിയില്‍ വേണം ഏര്‍പ്പെടാന്‍. മുറ്റത്തെ പൂന്തോട്ട പരിപാലനമോ, എന്തെങ്കിലും കായിക വിനോദമോ, സിനിമയോ, പാചകമോ അങ്ങനെ എന്തുമാകാം. പരസ്പരം താത്പര്യമുള്ള കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യുന്നത് അച്ഛനുമായി ആഴത്തില്‍ ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനും സഹായിക്കും.

അച്ഛന്റെ ജീവിതത്തില്‍ നമ്മള്‍ തല്പരരാണെന്ന് അവര്‍ക്ക് ബോധ്യപ്പെടേണ്ടത് അത്യാവശമാണ്. അതിനാല്‍ അവരുടെ ജോലി, സുഹൃത്തുക്കള്‍, ചെറുപ്പകാലം, സ്വപ്‌നങ്ങള്‍, യാത്രചെയ്യാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ച് ചോദിച്ചറിയുന്നത് അവര്‍ക്ക് വലിയ സന്തോഷം നല്‍കും. അവര്‍ പറയുന്നത് ശ്രദ്ധിക്കുന്നതും അവരില്‍ നിങ്ങളെക്കുറിച്ച് മതിപ്പുണ്ടാക്കും.

ജീവിതത്തിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കുന്ന വേളകളില്‍ അച്ഛനോട് അഭിപ്രായം ചോദിക്കാന്‍ മടിക്കരുത്. നമ്മുടെ മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടാവും. അതിനാല്‍, കാര്യങ്ങള്‍ പങ്കുവെയ്ക്കാനും അച്ഛന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കാനും യാതൊരു മടിയും വിചാരിക്കരുത്.

ഏതൊരു ബന്ധത്തിലേയുംപോലെ നമ്മുടെ അച്ഛനുമായുള്ള ബന്ധത്തിലും നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, അതുമൂലം അച്ഛനും മക്കളും തമ്മിലുള്ള ബന്ധം തകരുകയോ അകലം സൃഷ്ടിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ല. മറിച്ച്, അഭിപ്രായവ്യത്യാസങ്ങള്‍ സംസാരിച്ചുതീര്‍ക്കണം. നിങ്ങളും പിതാവും ഒരുമിച്ചല്ല താമസിക്കുന്നതെങ്കിലും ഏതെങ്കിലും കാര്യത്തില്‍ അച്ഛന്‍ ബുദ്ധിമുട്ടുന്നതായി തോന്നിയാല്‍ വിദൂരത്തുനിന്നാണെങ്കിലും നിങ്ങളെക്കൊണ്ടാവുന്നതുപോലെ സഹായിക്കാന്‍ ശ്രമിക്കുക. മൊബൈല്‍ അല്ലെങ്കില്‍ ടിവി റീച്ചാര്‍ജ് ചെയ്തുകൊടുക്കുന്നത്, ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കൊടുക്കുന്നത്, അച്ഛന്റെ അസാന്നിധ്യത്തില്‍ അച്ഛന്റെ പൂന്തോട്ടം പരിപാലിക്കുന്നത് തുടങ്ങി നമുക്ക് ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്.

അച്ഛനുമായി പങ്കുവെച്ച ചെറുപ്പത്തിലെ സമയങ്ങളെ ഇരുവരും ഒന്നിച്ചോര്‍ത്തെടുക്കുന്നത് ബന്ധങ്ങള്‍ കുറച്ചുകൂടി ദൃഢമാക്കും. ഒന്നിച്ച് പോയ യാത്രകള്‍, അച്ഛന്‍ തനിക്കുവേണ്ടി ഭക്ഷണമുണ്ടാക്കിത്തന്നത്, ഒന്നിച്ച് കാര്‍ട്ടൂണ്‍ കണ്ടത് മുതലായ കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുവരും പരസ്പരം ഏറെ സ്‌നേഹിക്കുന്നു എന്ന് ഓര്‍മിപ്പിക്കാന്‍ കാരണമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!