അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ്‌ റാലിക്ക് തലശ്ശേരിയില്‍ തുടക്കം

Share our post

തലശ്ശേരി: വടക്കൻ കേരളത്തിലെ ആദ്യ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ്‌ റാലി തലശ്ശേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ പാലക്കാട്‌ ജില്ലയില്‍ നിന്നുള്ള 750ഓളം പേര്‍ ശാരീരിക ക്ഷമത പരീക്ഷയില്‍ പങ്കെടുത്തു. വെള്ളിയാഴ്‌ച കോഴിക്കോട്‌ ജില്ലയിലുള്ളവരും ഞായറാഴ്‌ച കണ്ണൂര്‍ ജില്ലയിലുള്ളവരും റാലിയില്‍ പങ്കെടുക്കും. 20 വരെയാണ്‌ റിക്രൂട്ട്‌മെന്റ്‌ റാലി.

സബ്‌ കലക്ടര്‍ സന്ദീപ്‌കുമാര്‍ റാലി ഫ്ലാഗ് ഓഫ്‌ ചെയ്‌തു. മേജര്‍ ജനറല്‍ ആര്‍.ആര്‍. റെയ്‌നയുടെ നേതൃത്വത്തിലാണ്‌ റിക്രൂട്ട്‌മെന്റ്‌ റാലി നടത്തുന്നത്‌. കാസര്‍കോട്‌, കണ്ണൂര്‍, മലപ്പുറം, വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌, തൃശൂര്‍ എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ്‌ കേന്ദ്രഭരണ പ്രദേശങ്ങളിലെയും പുരുഷന്മാര്‍ക്കായാണ്‌ റിക്രൂട്ട്‌മെന്റ്‌ റാലി നടത്തുന്നത്‌.

കോഴിക്കോട്‌ ആര്‍മി റിക്രൂട്ടിങ് ഓഫിസ്‌ (എ.ആര്‍.ഒ) ജില്ല ഭരണകേന്ദ്രവുമായി ചേര്‍ന്നാണ്‌ റാലിക്ക്‌ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്‌. പരീക്ഷ എഴുതി പാസായ ഏഴ് ജില്ലകളില്‍ നിന്നുള്ള ആറായിരത്തോളം യുവാക്കളാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്.

ഓട്ടം 1600 മീറ്റര്‍ (നാല് റൗണ്ട്), ഒമ്പതടി കുഴിചാടി കടക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, ശാരീരിക പരിശോധന, ദേഹ അളവ്, വൈദ്യ പരിശോധന എന്നിവയാണ് റാലിയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. ആര്‍മിയില്‍ ജനറല്‍ ഡ്യൂട്ടി, ക്ലര്‍ക്ക്, ട്രേഡ് മാൻ, ടെക്നിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!