‘നാട്ടിൽ ആസ്പത്രിയില്ല, ജനങ്ങൾ ഏറെ പ്രയാസപ്പെട്ടു’; സ്വയം ആസ്പത്രി നിർമ്മിച്ചു നൽകി കൽപ്പണിക്കാരൻ

കാസർകോട്: സ്വന്തം നാടിന് വേണ്ടി, നാട്ടുകാർക്ക് വേണ്ടി ആസ്പത്രി നിർമിക്കുകയാണ് കൽപ്പണിക്കാരൻ കുഞ്ഞിരാമൻ. ജോലിചെയ്ത് കിട്ടുന്ന തുച്ചമായ തുകയും ചിട്ടി, ലോൺ ഉൾപ്പെടെയുള്ളവയും ഉപയോഗിച്ചാണ് ആധുനിക സംവിധാനങ്ങളടങ്ങുന്ന ആസ്പത്രി ചെറുവത്തൂരിൽ പണിയുന്നത്.
കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഈ ഒരു ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുകയാണെന്നും ഇപ്പോൾ അത് യാഥാർഥ്യമാകുന്നുവെന്നും കുഞ്ഞിരാമൻ സന്തോഷത്തോടെ പറയുന്നു. ആരോഗ്യ കേന്ദ്രങ്ങളില്ലാത്ത ചെറുവത്തൂർ പടിഞ്ഞാറ് ഭാഗത്താണ് കുഞ്ഞിരാമൻ നിർമ്മിക്കുന്ന ആസ്പത്രി. ഏകദേശം പണികളൊക്കെ പൂർത്തിയായി. ജൂൺ മാസത്തിൽ തന്നെ ഇതിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് കുഞ്ഞിരാമൻ പറയുന്നു.
‘നാട്ടുകാർക്ക് പറ്റാവുന്ന രീതിയിൽ നല്ല ചികിത്സ കൊടുക്കണം. നല്ല ഡോക്ടറെ ആസ്പത്രിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. വിഷയം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ നല്ല പിന്തുണയാണ് ലഭിച്ചത്. നാട്ടുകാരുടെ ഭാഗത്തുനിന്നും നല്ല പിന്തുണ ലഭിച്ചു’, കുഞ്ഞിരാമൻ കൂട്ടിച്ചേർത്തു.
ആധുനിക ലാബ്, മെഡിക്കൽ സ്റ്റോർ, സ്കാനിങ് സംവിധാനം അടക്കമുള്ള ആസ്പത്രി കെട്ടിടമാണ് കുഞ്ഞിരാമൻ പണിയുന്നത്. ‘രോഗിയായ അമ്മയേയും കൊണ്ട് ആസ്പത്രികളിൽ ചെന്നപ്പോൾ അവിടെനിന്ന് മടക്കിയയ്ക്കുകയും മംഗലാപുരത്തേക്ക് കൊണ്ടു പോകേണ്ടിവരികയും ചെയ്തിരുന്നു.
ഇത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ആശുകോവിഡ് കാലത്തും പ്രയാസപ്പെട്ടു. ഇത്തരത്തിലുള്ള സാഹചര്യങ്ങളൊക്കെ കണ്ടാണ് ആസ്പത്രി വേണമെന്ന് തോന്നിയത്. സാധാരണക്കാരായ ആളുകൾക്ക് സാമ്പത്തികം ഇല്ലെങ്കിലും ചികിത്സ മുടങ്ങില്ല. എല്ലാവിധ സഹായവും ചെയ്തുകൊടുക്കും. ലാഭം പ്രതീക്ഷിച്ചല്ല ഇത്. ജനങ്ങൾക്ക് വേണ്ടിയാണ്. ശ്രമിച്ചാൽ എന്തും നടക്കും, എല്ലാം ശരിയാകും’, കുഞ്ഞിരാമൻ പറഞ്ഞു.