കുറ്റിപ്പുറം എം.ഇ.എസ് കോളേജില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി; എസ്.ഐക്ക് പരിക്ക്, മൂന്നുപേര്‍ പിടിയില്‍

കുറ്റിപ്പുറം: എം.ഇ.എസ്. എന്‍ജിനിയറിങ് കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഭവസ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്.ഐ.യെ വിദ്യാര്‍ഥികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോളേജിനു പുറത്ത് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പിന്നീട് സംഘര്‍ഷം കോളേജ് വളപ്പിലേക്കു വ്യാപിച്ചു.
ഇതിനിടയില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ഥിയുമായി ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തി. പിന്നീട് ഇവര്‍ ഓഫീസിനകത്തെ വസ്തുക്കള്‍ അടിച്ചു തകര്‍ത്തു. ഇതോടേയാണ് എസ്.ഐ ഒ.പി. വിജയകുമാരന്റെ നേതൃത്വത്തില്‍ പോലീസ് കോളേജിലെത്തിയത്.
സംഘര്‍ഷത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചില വിദ്യാര്‍ഥികള്‍ പോലീസിനെ ആക്രമിച്ചത്. എസ്.ഐ. വിജയകുമാരന്റെ കണ്ണിനു താഴെയാണു പരിക്കേറ്റത്. അദ്ദേഹത്തെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.ഐ.യെ ആക്രമിച്ച കേസില്‍ മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തിരുവേഗപ്പുറ കുന്നുംപുറത്ത് മുഹമ്മദ് മിസാബ് (21), കോഴിക്കോട് പാലേരി മുഫ്ലിഹ് (22), വേങ്ങര ഊരകം സ്വദേശി അര്‍ജുന്‍രാജ് (21) എന്നിവരെയാണ് സി.ഐ. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
പോലീസ് ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ച നിരപരാധികളെയാണ് പോലീസ് അറസ്റ്റുചെയ്തതെന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ പറയുന്നു.
ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍
കുറ്റിപ്പുറം: വിദ്യാര്‍ഥിസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ക്, പി.ജി. ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ മോഡിലായിരിക്കും നടത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.