ഡേറ്റിങ് ആപ്പിലൂടെ പരിചയം; യുവാവിനെ തട്ടിക്കൊണ്ടുപോയി പണംതട്ടി, യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ പെടുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. രാമമംഗലം കിഴുമുറി കോളനിയില്‍ തെക്കപറമ്പില്‍ താമസിക്കുന്ന തൃശ്ശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), കൂട്ടാളിയായ അശ്വതി (25), ഇതേയിടത്ത് താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂര്‍ മൂഴിക്കോട് ആര്യഭവനില്‍ അനൂപ് (23) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും വര്‍ഷങ്ങളായി ബെംഗളൂരുവിലും ഗോവയിലും താമസിച്ചു വരികയായിരുന്നു.
പിന്നീട് രാമമംഗലത്ത് താമസമാക്കി. സോഷ്യല്‍ മീഡിയയിലും ഡേറ്റിങ് ആപ്പുകളിലും സ്ത്രീപേരുകളില്‍ പ്രൊഫൈല്‍ തുടങ്ങി പുരുഷന്മാരുമായി ചാറ്റ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം നേരില്‍ കാണണമെന്നു പറഞ്ഞ് വിളിച്ചുവരുത്തി സാഹചര്യമനുസരിച്ച് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയാണ് ഇവരുടെ രീതി.
കഴിഞ്ഞ ദിവസം എറണാകുളത്തുള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്നതോടെയാണ് പോലീസിന് പരാതി കിട്ടിയത്. ഒരാഴ്ച മുന്‍പാണ് ഡേറ്റിങ് ആപ്പിലൂടെ യുവാവ് അനു എന്ന് പേരു പറഞ്ഞ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ചത്. കോലഞ്ചേരി സ്വദേശിയാണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബെംഗളൂരുവില്‍ പഠിക്കുകയാണെന്നും ഇപ്പോള്‍ നാട്ടിലുണ്ട് വന്നാല്‍ കാണാമെന്നും പറഞ്ഞ് അനു മെസ്സേജ് അയച്ചു. അത് വിശ്വസിച്ച് ചെറുപ്പക്കാരന്‍ കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തി. ഈ സമയം കാറിലെത്തിയ പ്രിന്‍സും അനൂപും ചെറുപ്പക്കാരനോട് നിങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചിരുന്നോ എന്ന് ചോദിച്ചു. ഞങ്ങള്‍ ആ പെണ്‍കുട്ടിയുടെ സഹോദരന്മാരാണെന്നും പരാതിയുണ്ടെന്നും പറഞ്ഞ് യുവാവിനെ വണ്ടിയില്‍ ബലമായി പിടിച്ചു കയറ്റി.
സഹോദരിക്ക് മെസ്സേജ് അയച്ചതിന് പോലീസില്‍ പരാതി കൊടുക്കുമെന്നു പറഞ്ഞ് അടിച്ചും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും യുവാവിന്റെ പക്കല്‍നിന്ന് പേഴ്‌സിലെ പണവും അക്കൗണ്ട് വഴി 23,000 രൂപയും കവര്‍ന്നെടുത്തിട്ട് റോഡില്‍ ഉപേക്ഷിച്ചു.
പേടിച്ചുപോയ യുവാവ് സുഹൃത്തുക്കളോട് വിവരങ്ങള്‍ പറഞ്ഞു. ഇതോടെയാണ് പുത്തന്‍കുരിശ് പോലീസിന് പരാതി നല്‍കിയത്. പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
സി.സി.ടി.വി. ക്യാമറകളില്‍നിന്ന് പ്രതികളുടെ വാഹനം തിരിച്ചറിഞ്ഞു. അത് കോട്ടയത്തേക്ക് പോയതായും മനസ്സിലാക്കി. വാഹനത്തെ പിന്തുടര്‍ന്നെത്തിയ പോലീസ് കോലഞ്ചേരിയില്‍ െവച്ച് ജീപ്പ് വട്ടം വെച്ച് കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ വാഹനം വെട്ടിച്ച് രാമമംഗലം ഭാഗത്തേക്ക് രക്ഷപ്പെട്ടു. പിന്നാലെ എത്തിയ പോലീസ് രാമമംഗലം പാലത്തിനു സമീപം പ്രതികളുടെ വാഹനത്തിനു മുന്നിലെത്തി സാഹസികമായാണ് കീഴടക്കിയത്.
വിവിധ കേസുകളിലായി ഇവര്‍ 10 ലക്ഷത്തിലധികം രൂപ ഇത്തരത്തില്‍ കവര്‍ന്നത് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. എറണാകുളത്ത് ഒരു സ്വകാര്യ കമ്പനി ജീവനക്കാരനെ ഭീഷണിപ്പെടുത്തി കൈയിലെ സ്വര്‍ണ ചെയിനും എ.ടി.എമ്മില്‍നിന്ന് 19,000 രൂപയും കൈക്കലാക്കിയതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.