ദളിത് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സഹകരണസംഘം സെക്രട്ടറി അറസ്റ്റില്‍

നിലമ്പൂര്‍: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹകരണസംഘം സെക്രട്ടറിയെ പോലീസ് അറസ്റ്റുചെയ്തു. മമ്പാട് ടാണനാശ്ശേരില്‍ മനീഷിനെ(46)യാണ് നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. സംഭവം അഞ്ചിന് സഹകരണസംഘം ഭാരവാഹികളെ അറിയിച്ചു. സെക്രട്ടറിക്കെതിരേ നടപടിയെടുക്കാമെന്ന് സഹകരണ സംഘം അധികൃതര്‍ ഉറപ്പുനല്‍കിയതായാണ് യുവതി പറഞ്ഞത്.
12-ന് നിലമ്പൂര്‍ ഡിവൈ.എസ്.പി.ക്ക് യുവതി പരാതി നല്‍കി. തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതിയെ ചൊവ്വാഴ്ച മഞ്ചേരി എസ്.സി., എസ്.ടി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.
തന്നെ ജോലിചെയ്യാന്‍ അനുവദിക്കുന്നില്ലെന്നുകാട്ടി യുവതി കഴിഞ്ഞദിവസം ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയിട്ടുണ്ട്. സി.പി.എം. നിയന്ത്രണത്തിലുള്ളതാണ് സഹകരണ ബാങ്ക് ഭരണസമിതി.