50ഓളം മോഷണക്കേസുകളിലെ പ്രതി ബിജു സെബാസ്റ്റ്യനെ കുടുക്കിയത് എ.ഐ ക്യാമറ

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ ബിജു സെബാസ്റ്റ്യാനെ(53) കുടുക്കി എ .ഐ ക്യാമറ. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും ഇയാൾ മോഷണങ്ങൾ ആവർത്തിച്ചു.

ഒടുവിൽ മോഷ്‌ടിച്ച സ്‌കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ പ്രതി യാത്ര ചെയ്തതിന്റെ ചിത്രം സഹിതമുള്ള ചെല്ലാൻ യഥാർത്ഥ ഉടമയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യനെ കീഴ്‌വായ്പൂര് പൊലീസാണ് പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.വിവിധ കേസുകളിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവു ശിക്ഷ കഴിഞ്ഞ് മാർച്ചിൽ ഇറങ്ങിയ ബിജു മാർച്ച് 26ന് വെമ്പായത്തു നിന്ന് മോട്ടോർ സൈക്കിളും, 27 ന് അടൂരിൽ നിന്ന് സൈലോ കാറും മോഷ്ടിച്ചിരുന്നു.

28ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആസ്പത്രിയിലെ ജീവനക്കാരിയെ ഉപദ്രവിച്ച ശേഷം രണ്ടര പവൻ വരുന്ന മാലമോഷ്ടിച്ചു. മല്ലപ്പള്ളി മാലുങ്കലുള്ള വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി. ഏപ്രിൽ ആറിന് ഏറ്റുമാനൂരിൽ നിന്ന് മോട്ടോർസൈക്കിൾ മോഷ്ടിച്ചു.

മല്ലപ്പള്ളി ആനിക്കാട് റോഡിലെ കെ മാർട്ട് എന്ന സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസ് തകർത്ത് 31,500 രൂപയും സ്കൂട്ടറും മോഷിടിച്ചു.35 വർഷത്തിനിടെ വിവിധ ജില്ലകളിൽ അമ്പതിലധികം മോഷണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം തിരുവനന്തപുരത്ത് മോഷ്ടിച്ച കേസിലെ മുഖ്യ കണ്ണിയാണ് ഇയാൾ.

മൊബൈൽ ഫോൺ ഉപയോഗിക്കുകയോ സ്ഥിരമായി ഒരു സ്ഥലത്തെ താമസിക്കുകയോ ചെയ്യാത്ത പ്രതിയെ രണ്ടുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!