കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം. പിണറായി പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്റെ(24) മരണത്തിലാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്.
യുവതിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്നാണ് ഇവരുടെ ആരോപണം. സംഭവത്തില്‍ കതിരൂര്‍ പോലീസിലും നേരത്തെ പരാതി നല്‍കിയിരുന്നു.
ജൂണ്‍ പത്താംതീയതി അര്‍ധരാത്രിയാണ് ഐ.ടി. എന്‍ജിനീയറായ മേഘയെ ഭര്‍ത്താവ് സച്ചിന്റെ കതിരൂര്‍ നാലാംമൈലിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് പിന്നാലെയാണ് ഭര്‍തൃവീട്ടിലെ രണ്ടാം നിലയില്‍ മേഘയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും മൃതദേഹത്തില്‍ അടിയേറ്റതെന്ന് സംശയിക്കുന്ന ചില പാടുകളുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി. എന്‍ജിനീയറായിരുന്നു മേഘ. 2023 ഏപ്രില്‍ രണ്ടാംതീയതിയാണ് ഫിറ്റ്‌നസ് ട്രെയിനറായി ജോലിചെയ്യുന്ന സച്ചിനും മേഘയും വിവാഹിതരായത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും സച്ചിന്റെ വീട്ടുകാരാണ് വിവാഹാലോചനയുമായി വന്നതെന്നുമാണ് മേഘയുടെ പിതാവ് മനോഹരന്‍ പറയുന്നത്.
”ഇരുവരും തമ്മില്‍ കോളേജില്‍വെച്ചുള്ള പരിചയമായിരുന്നു. തലശ്ശേരി കൊടുവള്ളിയിലെ കോളേജിലാണ് ഇവര്‍ പഠിച്ചിരുന്നത്. മാര്‍ച്ച് മാസത്തില്‍ സച്ചിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി വീട്ടില്‍വന്നു. കഴിഞ്ഞ ജൂലായിലാണ് എന്റെ മൂത്തമകളുടെ വിവാഹം കഴിഞ്ഞത്. അതിനാല്‍ ഉടനെതന്നെ ഇളയമകളുടെ കൂടി വിവാഹം നടത്താന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് അവരോട് പറഞ്ഞു.
എന്നാല്‍ മേയ് മാസത്തിനുള്ളില്‍ സച്ചിന്റെ വിവാഹം നടത്തണമെന്നാണ് ജ്യോത്സ്യന്റെ നിര്‍ദേശമെന്നും എത്രയുംവേഗം വിവാഹം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. മകളും നേരത്തെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടു.
മേയ് മാസത്തില്‍ കോഴിക്കോട്ടെ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കേണ്ടതാണെന്നും ജോലിക്ക് കയറിയാല്‍ പിന്നീട് അവധിയെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ വിവാഹം അതിന് മുമ്പ് തന്നെ നടത്തണമെന്നുമായിരുന്നു മകളുടെയും ആവശ്യം. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്താമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. സച്ചിനുമായുള്ള വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് വരെ മകള്‍ ഭീഷണിപ്പെടുത്തി.
സച്ചിനുമായുള്ള ബന്ധത്തില്‍ താത്പര്യമില്ലാതിരുന്നിട്ടും മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചത്. സച്ചിനുമായുള്ള ബന്ധത്തിന് എനിക്കോ ബന്ധുക്കള്‍ക്കോ താത്പര്യമുണ്ടായിരുന്നില്ല. മകളോട് ഫോണില്‍പോലും വളരെ മോശമായാണ് അയാള്‍ സംസാരിച്ചിരുന്നത്. ഒരിക്കല്‍ മകളുടെ ഫോണിലേക്ക് അയാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ആണ് വിളിച്ചത്.
ഹലോ എന്ന് പറയുന്നതിന് മുന്‍പ് തന്നെ അയാള്‍ വളരെ മോശംവാക്കുകളാണ് പറഞ്ഞത്. മകളാണ് ഫോണെടുത്തതെന്ന് കരുതി അസഭ്യവര്‍ഷമായിരുന്നു. ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോള്‍ അവള്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നോ മര്‍ദിച്ചുവെന്നോ മകള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. മകളുടെ മരണശേഷം അവളുടെ സുഹൃത്തുക്കളാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്.
വിവാഹശേഷം സച്ചിന്‍ മകളെ ഉപദ്രവിച്ചിരുന്നതായി അവളുടെ സുഹൃത്തുക്കളാണ് പറഞ്ഞത്”, മനോഹരന്‍ വിശദീകരിച്ചു.വിവാഹത്തിന് പിന്നാലെ മേഘയുടെ പുതിയ ഫോണ്‍ സച്ചിന്‍ കൈക്കലാക്കിയിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. മേഘയുടെ ഫോണിലേക്ക് ആരെല്ലാം വിളിക്കുന്നു എന്നെല്ലാം അറിയാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഒരിക്കല്‍ അവളുടെ കൂട്ടുകാരി വിളിച്ചപ്പോള്‍ സച്ചിന്‍ ദേഷ്യപ്പെട്ട് സംസാരിച്ചതായും പറയുന്നു.
ജൂണ്‍ പത്താം തീയതി ശനിയാഴ്ച ഉച്ചവരെ മകള്‍ തങ്ങളുടെ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണശേഷം ഭര്‍തൃസഹോദരിയുടെ വീട്ടില്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയുണ്ടെന്നും അവിടെ പോകണമെന്നും പറഞ്ഞാണ് അവള്‍ വീട്ടില്‍നിന്നിറങ്ങിയത്. ശനിയാഴ്ച രാത്രി മകളെ ഭര്‍ത്താവ് മര്‍ദിച്ചോ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചോ എന്നൊന്നും അറിയില്ല. പലരും പലതും പറയുന്നുണ്ടെന്നും മനോഹരന്‍ പറഞ്ഞു.
മുഖത്ത് പാടുകള്‍, ശമ്പളം മുഴുവനും കൈക്കലാക്കി…
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ മകളുടെ മരണവിവരം ശനിയാഴ്ച അര്‍ധരാത്രി തന്നെ അറിയിച്ചിരുന്നില്ലെന്നാണ് പിതാവ് മനോഹരന്‍ പറയുന്നത്. വാവ എന്നാണ് അവളെ വിളിക്കുന്നത്. പിറ്റേ ദിവസം രാവിലെ അടുത്ത ബന്ധുക്കളെത്തിയാണ് വാവ ചെറിയ റോങ് ചെയ്തുകളഞ്ഞെന്ന് പറഞ്ഞത്. അവള്‍ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ അടുത്തുള്ളവരെല്ലാം വീട്ടിലേക്ക് എത്തിയതോടെ എന്തോ സംഭവിച്ചെന്ന് മനസിലായി. അപ്പോളാണ് മരണവിവരം പറയുന്നത്. പക്ഷേ, മകളുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മുഖത്ത് ഇടതുഭാഗത്തായി ചില പാടുകള്‍ കണ്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു.
തല്ലിയ പാടുകളാണെന്നാണ് സംശയമെന്നും അവര്‍ പറയുന്നു. മകളുടെ മൃതദേഹം ഞാന്‍ കണ്ടിരുന്നില്ല. സംഭവത്തില്‍ സ്ത്രീധനം സംബന്ധിച്ചോ സാമ്പത്തികമായോ പരാതികളൊന്നുമില്ല. എന്നാല്‍ സച്ചിന് വേറൊരു ബന്ധമുണ്ടെന്നും അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇത്തരംകാര്യങ്ങളെല്ലാം മകളുടെ മരണശേഷമാണ് ഞങ്ങളറിയുന്നത്.
മരണത്തിന്‌റെ രണ്ടുദിവസം മുന്‍പാണ് മകള്‍ക്ക് ശമ്പളം കിട്ടിയത്. എന്നാല്‍ ശമ്പളം മുഴുവന്‍ ഭര്‍ത്താവ് കൈക്കലാക്കി. മകളുടെ എ.ടി.എം കാര്‍ഡ് അടക്കം അവന്റെ കൈയിലായിരുന്നു. ശനിയാഴ്ച രാവിലെ ഡോക്ടറുടെ അടുത്ത് പോകാന്‍ മകള്‍ എന്നോട് പണം ചോദിച്ചിരുന്നു.
കഴിഞ്ഞദിവസമല്ലേ ശമ്പളം കിട്ടിയത് പണം തരില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയാണ് പണംനല്‍കിയത്. മദ്യംകഴിച്ചാല്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നരീതിയാണ് മകളുടെ ഭര്‍ത്താവിനുള്ളതെന്നാണ് പലരും പറയുന്നതെന്നും മനോഹരന്‍ ആരോപിച്ചു.
മേഘയുടെ മരണത്തില്‍ കതിരൂര്‍ പോലീസിലാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം പോലീസ് സംഘം മേഘയുടെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വനിതാ കമ്മീഷനില്‍നിന്നുള്ളവരും വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായും പിതാവ് മനോഹരന്‍ പറഞ്ഞു.
മകളുടെ തിരിച്ചറിയല്‍രേഖകളും സ്വര്‍ണവും സര്‍ട്ടിഫിക്കറ്റുകളും കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുത്തു. മൊബൈല്‍ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലാണ്. സ്വര്‍ണത്തില്‍ 42 ഗ്രാമിന്റെ കുറവുണ്ട്.
ഇത് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണയപ്പെടുത്തിയതാണെന്ന് ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് തിരികെനല്‍കാമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇനി മുഖ്യമന്ത്രിക്കും പരാതി നല്‍കും, മുഖ്യമന്ത്രി നാട്ടിലെത്തുന്നദിവസം അദ്ദേഹത്തെ നേരിട്ടുകണ്ട് പരാതി നല്‍കാനാണ് തീരുമാനമെന്നും മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മനോഹരന്‍ ആവശ്യപ്പെട്ടു.
അന്വേഷണം തുടരുന്നു- പോലീസ്
മേഘയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കതിരൂര്‍ പോലീസ് പ്രതികരിച്ചു. കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)