പ്രകൃതിവിരുദ്ധ പീഡനം: മുസ്ലിം ലീഗ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ

ബോവിക്കാനം : പ്രകൃതി വിരുദ്ധ പീഡനക്കേസിൽ മുളിയാർ പഞ്ചായത്തംഗം കൂടിയായ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ, മുളിയാർ പൊവ്വൽ വാർഡംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റുമായ എസ്.എം. മുഹമ്മദ് കുഞ്ഞിയാണ് (56) അറസ്റ്റിലായത്. ഒളിവിലായിരുന്ന എസ്.എം.മുഹമ്മദ് കുഞ്ഞി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ നിരസിച്ച കോടതി, ഒരാഴ്ചയ്ക്കകം പോലീസിന് മുൻപാകെ ഹാജരാകണമെന്നും നിർദേശിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് മുഹമ്മദ് കുഞ്ഞി, കേസന്വേഷിക്കുന്ന ആദൂർ ഇൻസ്പെക്ടർ എ. അനിൽകുമാർ മുൻപാകെ ഹാജരായത്. പോക്സോ കേസിൽ പ്രതിയായതിനെത്തുടർന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുഹമ്മദ് കുഞ്ഞിയെ ലീഗ് നേതൃത്വം നീക്കിയിരുന്നു. കേസിൽ പ്രതികളായ പൊവ്വലിലെ തൈസീർ (28), മഹ്റുഫ് (28), അസ്തർ എന്ന ഷഫീഖ് (28), അനഫ് എന്ന അനീസ് (26) എന്നിവരെ ഇതിനകം തന്നെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുഹമ്മദ് കുഞ്ഞിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളും സമരത്തിനിറങ്ങിയിരുന്നു. പൊവ്വലിലെ 14-കാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്. കേസിൽ റിമാൻഡിൽ കഴിയുന്ന തൈസീർ ആറ് പോക്സോ കേസിലും മഹറൂഫ് തൃശ്ശൂരിലെ എ.ടി.എം. കവർച്ച ഉൾപ്പെടെയുള്ള ആറ് കേസുകളിലും പ്രതിയാണ്. എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് നൽകിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയായ പൊവ്വലിലെ ദിൽഷാ ഒളിവിലാണ്.