ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്ക് ഉടൻ തന്നെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനം എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി.
പല ഗൾഫ് രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചതിനാൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) ഇതിനായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ബഹ്റൈനും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി യു.പി.ഐ സേവനം വിപുലീകരിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും മറ്റ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും ഇന്ത്യൻ മിഷൻ ഓഫീസുകളും ഇതിനുള്ള ചർച്ചകൾ സുഗമമാക്കിയിട്ടുണ്ടെന്ന് എൻ.പി.സി.ഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ദിലീപ് അസ്ബെ പറഞ്ഞു. ജൂണിൽ ഇന്ത്യ 10 ബില്യൺ യു.പി.ഐ ഇടപാടുകൾ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണമയയ്ക്കൽ ലളിതമാകും
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ താമസിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് അതിർത്തി കടന്നുള്ള പണമയയ്ക്കൽ ലളിതമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളുമായി ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫർ സംവിധാനങ്ങൾ സ്ഥാപിക്കാൻ എൻ.പി.സി.ഐ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. യു.പി.ഐ സേവനം ഗൾഫിലേക്ക് വ്യാപിപ്പിച്ചാൽ അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് സുഗമമായി അയയ്ക്കാൻ സാധിക്കും.
സൗകര്യമൊരുക്കി സിംഗപ്പൂർ
ഇന്ത്യയും സിംഗപ്പൂരും ഈ വർഷമാദ്യം ദേശീയ പേയ്മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിച്ച് പണമയയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വർഷത്തിൽ ഒരു ബില്യൺ ഡോളറിലധികം ഇങ്ങനെ അയക്കാം. 2021ൽ ഭൂട്ടാൻ ആണ് യു.പി.ഐ സംവിധാനം സ്വീകരിക്കുന്ന ആദ്യ വിദേശരാജ്യമായത്. തൊട്ടടുത്ത വർഷം നേപ്പാളും യു.പി.ഐ സംവിധാനം സ്വീകരിച്ചു.
അന്താരാഷ്ട്ര നമ്പറിലൂടെ ഇടപാട്
അന്താരാഷ്ട്ര മൊബൈൽ നമ്പറുകളുള്ള എൻ.ആർ.ഇ/എൻ.ആർ.ഒ പോലുള്ള നോൺ റസിഡന്റ് അക്കൗണ്ടുകളിലൂടെ യു.പി.ഐ ഉപയോഗിച്ച് ഇടപാട് നടത്താൻ ഈ വർഷം ആദ്യം എൻ.പി.സി.ഐ അനുവദിച്ചിരുന്നു. ഓസ്ട്രേലിയ, കാനഡ, ഒമാൻ, ഖത്തർ, യു.എസ്, സൗദി അറേബ്യ, ഹോങ്കോങ്, സിംഗപ്പൂർ, യു.എ.ഇ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള എൻ.ആർ.ഐകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.എൻ.പി.സി.ഐഇന്ത്യയിൽ റീട്ടെയ്ൽ പേയ്മെന്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് എൻ.പി.സി.ഐ. പ്രമുഖ ബാങ്കുകൾ ചേർന്ന് ഒരു കൺസോർഷ്യത്തിന് രൂപം നൽകിയിട്ടുണ്ട്.
ഈ കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എൻ.പി.സി.ഐ. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രൊമോട്ട് ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണ് എൻ.പി.സി.ഐ. ഇന്ത്യയിലുടനീളം ചെറിയ പണമിടപാടുകൾ തടസമില്ലാതെ നടത്താൻ എൻ.പി.സി.ഐ വലിയ പങ്ക് വഹിച്ചു. ഇനി ആഗോളതലത്തിൽ പണമിടപാടുകൾ ലളിതമായി നടത്താനുള്ള ശ്രമം നടത്തുകയാണ്.