ഉമ്മൻചാണ്ടിയുടെ തീരുമാനം അട്ടിമറിച്ചു; മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് സ്ഥാനാർഥി

Share our post

തിരുവനന്തപുരം : യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തെ അട്ടിമറിച്ച്‌ എ ഗ്രൂപ്പ്‌ സ്ഥാനാർഥി. തിങ്കൾ രാത്രി തുടങ്ങി ചൊവ്വ പുലർച്ചെവരെ നടന്ന ചർച്ചയിലും തീരുമാനമാകാതെ പിരിഞ്ഞ യോഗത്തിനു ശേഷമാണ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌. ഉമ്മൻചാണ്ടി നിർദേശിച്ച ജെ.എസ്‌. അഖിലിനെ ഒഴിവാക്കിയാണ്‌ വി.ഡി. സതീശന്റെയും ഷാഫി പറമ്പിലിന്റെയും താൽപ്പര്യപ്രകാരം രാഹുലിനെ സ്ഥാനാർഥിയാക്കിയത്‌.

പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള നാമനിർദേശം നൽകാനുള്ള സമയം ബുധനാഴ്‌ച അവസാനിക്കും. സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, ജെ.എസ്‌. അഖിൽ, കെ.എം. അഭിജിത്ത്‌ എന്നിവരുമായി എം.എം. ഹസ്സൻ, കെ.സി. ജോസഫ്‌, ബെന്നി ബെഹനാൻ, പി.സി. വിഷ്‌ണുനാഥ്‌ എന്നിവർ നടത്തിയ ചർച്ച പുലർച്ചെ മൂന്നരയ്‌ക്ക്‌ തീരുമാനമാകാതെ പിരിഞ്ഞു. രാവിലെ ഒമ്പതരയോടെ രാഹുലിനെ സ്ഥാനാർഥിയാക്കുന്ന തീരുമാനം വന്നു.

ഉമ്മൻചാണ്ടിയുടെ നോമിനിയായാണ്‌ കഴിഞ്ഞ തവണ ഷാഫി പറമ്പിൽ പ്രസിഡന്റായത്‌. കെ. സുധാകരനും സതീശനും പാർടി പിടിച്ചതോടെ ഷാഫി മറുകണ്ടം ചാടി. ഔദ്യോഗികമായി എ ഗ്രൂപ്പ്‌ എന്ന്‌ പറയുമ്പോഴും സതീശൻ പക്ഷത്തോട് ചേർന്നുള്ള നിലപാടാണ്‌ കഴിഞ്ഞ കുറച്ചുനാളായി ഷാഫി സ്വീകരിക്കുന്നത്‌. ഇതിനൊപ്പം നിൽക്കുന്നയാളെന്നതാണ്‌ രാഹുലിന്‌ നേട്ടമായത്‌.

ഐ ഗ്രൂപ്പിൽനിന്ന്‌ ചെന്നിത്തലയുടെ നോമിനിയായി അബിൻ വർക്കിയും കെ.സി. വേണുഗോപാലിന്റെ അനുയായി ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ടാകും. പുതിയ സാഹചര്യത്തിൽ എ ഗ്രൂപ്പിൽനിന്ന്‌ നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ്‌.പി. അനീഷ്‌, വിഷ്‌ണു സുനിൽ പന്തളം, അനുതാജ്‌ എന്നിവരാണ്‌ എ ഗ്രൂപ്പിൽനിന്ന്‌ മത്സരിക്കുക. എ ഗ്രൂപ്പിൽനിന്നുള്ള പരമാവധി വോട്ടുകൾ നേടി രാഹുലിന്റെ പരാജയമുറപ്പാക്കുകയാണ്‌ വിമതരുടെ ലക്ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!