ജോലിക്ക് ഇന്റർവ്യൂ ഓൺലൈനിൽ; പിന്നീട് പ്രചരിച്ചത് നഗ്ന വീഡിയോ

മറയൂർ : സമൂഹമാധ്യമത്തിൽ പരസ്യം കണ്ടു ജോലി തേടിയിറങ്ങിയ മറയൂർ സ്വദേശിയായ യുവാവിന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച് പണംതട്ടിയെന്ന് പരാതി. പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വിഡിയോ ദൃശ്യങ്ങൾ കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയാണ് യുവാവ് ജോലിക്ക് അപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഓൺലൈനിലൂടെ ഇന്റർവ്യൂ നടത്തി. യുവാവിന്റെ ഇ-മെയിൽ ഐഡി, വാട്സാപ് നമ്പർ, ഇൻസ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. പിന്നീട് വാട്സാപ്പിലേക്ക് യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തെന്നാണ് പരാതി. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ യുവാവിന്റെ 5 സുഹൃത്തുക്കൾക്ക് ഈ ദൃശ്യങ്ങൾ കിട്ടി. യുവാവ് പിന്നീട് ഗൂഗിൾപേയിലൂടെ 25,000 രൂപ മൂന്നുതവണയായി അയച്ചുകൊടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.