കർശന പരിശോധനയ്‌ക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

Share our post

കണ്ണൂർ : മഴക്കാലമായതോടെ പരിശോധന കർശനമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്‌. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന കൂടുതൽ വ്യാപിപ്പിക്കാനാണ്‌ തീരുമാനം. ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിക്കുന്ന ഹോട്ടലുകൾ മുതൽ തട്ടുകട വരെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. നിയമലംഘനത്തിന്റെ വ്യാപ്‌തിയനുസരിച്ച്‌ പിഴ/നോട്ടീസ്‌ നൽകും. വിവിധ ഭക്ഷ്യവസ്‌തുക്കളുടെ ഉൽപാദന കേന്ദ്രങ്ങളും പരിശോധനയ്‌ക്ക്‌ വിധേയമാക്കും.

ഉപയോഗിക്കുന്ന വെള്ളത്തിനുപുറമെ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളും പരിശോധിക്കും. നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യുക, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉപയോഗിക്കുക, വ്യാജ ജൈവ ഉൽപന്നങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുക തുടങ്ങിയവ തടയും. ഹെൽത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിർമാണ രീതികളും പരിശോധിക്കും.

അസി. കമീഷണറുടെ കീഴിൽ കോട്ടയം ജില്ലയിൽ ഒമ്പതു സർക്കിളുകളാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പിനുള്ളത്‌. ഇവരുടെ പതിവ്‌ പരിശോധനയ്‌ക്കുപുറമെ അപ്രതീക്ഷിത പരിശോധനകൾക്കായി സംസ്ഥാനതലത്തിൽ പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തരഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും കമീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും മായം ചേർത്ത ഭക്ഷണം വിപണിയിൽ എത്തും മുമ്പ്‌ തടയുന്നതിനുമാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമീഷണർ, രണ്ട്‌ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലുള്ളത്. അതത് പ്രദേശത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകും.

ഭക്ഷ്യവിഷബാധ ഉണ്ടായാൽ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ട് ചെയ്യൽ, പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവ ടാസ്ക് ഫോഴ്സിന്റെ ഉത്തരവാദിത്തമാണ്. ഭക്ഷ്യവസ്‌തുക്കളെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരാതികളും ടാസ്ക്ഫോഴ്സ്‌ അന്വേഷിച്ച്‌ നടപടിയെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!