മൃഗങ്ങളുമായി ഇടപഴകാനും ഇരുമ്പുകൂടുകള്‍ വൃത്തിയാക്കാനും അഞ്ച് സ്ത്രീകള്‍; ഇത് പുതുചരിത്രം

Share our post

തൃശ്ശൂര്‍: കേരളത്തിലെ മൃഗശാലയില്‍ ‘സൂ കീപ്പര്‍’ പദവിയില്‍ ആദ്യമായി അഞ്ചു യുവതികള്‍. ഇന്ത്യയില്‍ ഡല്‍ഹി മൃഗശാലയില്‍ മാത്രമാണ് ഈ ജോലിയില്‍ ഒരു സ്ത്രീ ഉള്ളത്.

തൃശ്ശൂരിലെ പുത്തൂരില്‍ തുടങ്ങുന്ന, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കിലാണ് കെ.എന്‍. നെഷിത, രേഷ്മ സി.കെ., സജീന പി.സി., ഷോബി എം.ആര്‍., കൃഷ്ണ കെ. ചന്ദ്രന്‍ എന്നിവരെ നിയമിച്ചത്. 600 പേര്‍ അപേക്ഷിച്ചതില്‍ മറ്റ് പത്ത് പുരുഷന്‍മാര്‍ക്കൊപ്പമാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഇവരില്‍ മൂന്നുപേര്‍ ആദിവാസി വിഭാഗമായ മലയരാണ്. മൃഗങ്ങളുമായി ഇടപഴകുക, കൂറ്റന്‍ ഇരുമ്പുകൂടുകള്‍ വൃത്തിയാക്കുക എന്നിവയാണ് ജോലി.

വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളല്ലെന്നാണ് ആദ്യപാഠമെങ്കിലും അഞ്ചമ്മമാരും ഇടയ്ക്ക് അത് മറക്കും. ഊണ് കഴിഞ്ഞ് കുറച്ചുനേരത്തെ ഇടവേളയില്‍ എല്ലാവരും കൂടി സുവോളജിക്കല്‍ പാര്‍ക്കിലെ ആദ്യ അതിഥി വൈഗയെന്ന കടുവയെ കാണാനോടും.

അടുത്തെത്തുമ്പോള്‍ തങ്ങളുടെ ഗന്ധവും ശബ്ദവും തിരിച്ചറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നതുതന്നെ ഇവര്‍ക്ക് സന്തോഷം. പിന്നെ കഠിനാധ്വാനവും ശ്രദ്ധയും വേണ്ട ഈ ജോലിയില്‍ ഇവരെ നയിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തിക്കും സ്ത്രീകള്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ അഭിമാനമാണ്.

തൃശ്ശൂര്‍, തിരുവനന്തപുരം മൃഗശാലകളില്‍ ഓരോ മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു ഇവര്‍. ഇപ്പോള്‍ പുത്തൂരില്‍ മൃഗങ്ങളുടെ കൂടുകളിലും മറ്റുമായി പരിശീലനം തുടരുകയാണ്.

ചാലക്കുടി സ്വദേശി കൃഷ്ണ കെ. ചന്ദ്രന്‍, മാരാംകോട് കോളനിയിലെ പ്രൊമോട്ടറായിരുന്നു. കെ.എന്‍. നെഷിത പെരിങ്ങോട്ടുകര സ്വദേശിയാണ്. രേഷ്മ പട്ടിക്കാട്ടു സ്വദേശിയും സി.കെ. സജീന വാണിയമ്പാറ സ്വദേശിയുമാണ്. ഷോബിയുടെ വീട് മരോട്ടിച്ചാലിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!