ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ടോള്‍ നിരക്കുകള്‍ 22 ശതമാനം വർധിപ്പിച്ചു

ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ഒരു ഭാഗത്തേക്കുള്ള ടോള്‍ നിരക്കുകള്‍ 22 ശതമാനം വര്‍ധിപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) . കഴിഞ്ഞ മാര്‍ച്ച് 12നാണ് 118 കിലോമീറ്റര്‍ ദൂരമുള്ള പാത ഉദ്ഘാടനം ചെയ്തത്.
17 ദിവസങ്ങക്ക് ശേഷം ഏപ്രില്‍ ഒന്നിന് ടോള്‍ നിരക്ക് കൂട്ടി. പക്ഷേ പിന്നീട് തീരുമാനം മരവിപ്പിച്ചു. എന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ വര്‍ധനവ് വീണ്ടും നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്‍, വാന്‍, ജീപ്പുകള്‍ എന്നിവക്ക് നേരത്തെ ഒറ്റ യാത്രയ്ക്ക് 135 രൂപയും മടക്കയാത്രയ്ക്ക് 205 രൂപയും ഒരുമാസത്തെ പാസിന് 4,525 രൂപയുമായിരുന്നു പഴയ നിരക്ക്. എന്നാല്‍ പുതുക്കിയ നിരക്ക് അനുസരിച്ച്, കാറുകള്‍ ഒരു യാത്രയ്ക്ക് 165 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കില്‍ 250 രൂപയും നല്‍കണം.
രണ്ടാമത്തെ റീച്ചും തുറന്നാല്‍ കാര്‍, ജീപ്പ്, വാനുകള്‍ എന്നിവയുടെ ടോള്‍ ഫീസ് 300 രൂപയായി ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ടോള്‍ ചാര്‍ജിനെതിരെ എക്സ്പ്രസ് വേ നേരത്തെ ഒന്നിലധികം പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. നിരക്ക് വളരെ ഉയര്‍ന്നതാണെന്നാണ് പലരും ആരോപിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ നടപ്പിലാക്കിയതോടെ നിരവധി പൗരന്മാര്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലും എത്തി.
9000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 118 കിലോമീറ്റര്‍ ഈ പ്രവേശന നിയന്ത്രിത ഹൈവേ കര്‍ണാടകയിലെ രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം 75 മിനിറ്റായി ചുരുക്കുന്നു. 2023 മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ അതിവേഗപ്പാത ഉദ്ഘാടനം ചെയ്തത്.