അമ്മയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി യുവതി പോലീസ് സ്‌റ്റേഷനില്‍; ബെംഗളൂരു നടുങ്ങി

Share our post

ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി യുവതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ബെംഗളൂരു നഗരത്തിലാണ് നടുക്കുന്ന സംഭവം.

പശ്ചിമബംഗാള്‍ സ്വദേശിനിയും ഫിസിയോതെറാപ്പിസ്റ്റുമായ സെനാലി സെന്‍(39) ആണ് അമ്മയെ കൊന്നശേഷം മൃതദേഹവുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവതി ട്രോളി ബാഗുമായി ബെംഗളൂരു മൈകോ ലേഔട്ട് പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് താന്‍ അമ്മയെ കൊന്നതായും മൃതദേഹം ട്രോളിബാഗിലുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

യുവതിയും അമ്മയും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഉറക്കഗുളിക നല്‍കി മയക്കിയശേഷമാണ് അമ്മയെ കൊന്നതെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

ഫിസിയോതെറാപ്പിസ്റ്റായ സെനാലി സെന്‍ ഭര്‍ത്താവിനൊപ്പമാണ് നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. സെനാലിയുടെ അമ്മയും ഭര്‍തൃമാതാവും ഇവരോടൊപ്പം അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു. അതേസമയം, കൃത്യം നടന്ന സമയത്ത് ഭര്‍ത്താവ് അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നില്ല. മറ്റൊരു മുറിയിലായിരുന്ന ഭര്‍തൃമാതാവും സംഭവം അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!