മാസപ്പടി വാങ്ങുന്നതിനിടെ പിടിയിലായ എം.വി.ഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ആലപ്പുഴ: അമിതഭാരം കയറ്റിയ ടിപ്പർ ട്രക്കുകളെ ഒരുമാസത്തേക്ക് പരിശോധനയിൽ നിന്ന് ഒഴിവാക്കാനായുള്ള “മാസപ്പടി’ വാങ്ങുന്നതിനിടെ പിടിയിലായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.സതീഷിനെതിരെയാണ് നടപടി.
ദേശീയപാത 66-ന്റെ നിർമാണത്തിന് ഉപകരാറെടുത്ത വ്യക്തിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തിങ്കളാഴ്ചയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 25,000 രൂപ കണ്ടെത്തിയിരുന്നു.
ഔദ്യോഗികവാഹനത്തിൽ കാക്കി യൂണിഫോം ധരിച്ചുകൊണ്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നേരത്തെ നടന്ന വാഹനപരിശോധനയ്ക്കിടെ കരാറുകാരന്റെ രണ്ട് ട്രക്കുകൾ പിടികൂടിയ ശേഷം സതീഷ് 20,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു.കൈമടക്കിന്റെ തുടർച്ച കൈപ്പറ്റാനെത്തിയ വേളയിലാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.