‘തണലൊരുക്കം യുവതയുടെ കരുതലിൽ’; മൂന്ന് കുടുംബത്തിന് സ്വപ്‌നക്കൂടാരമൊരുങ്ങുന്നു

binary comment
പയ്യന്നൂർ : ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ‘തണലൊരുക്കം യുവതയുടെ കരുതലിൽ’ പദ്ധതിയിൽ മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതിന് തറക്കല്ലിട്ടു. രാമന്തളി കുന്നരുവിലെ ചാക്യാർ മഠത്തിൽ ഉഷ, പയ്യന്നൂർ തായിനേരിയിലെ ഒ.പി. അമ്പു, കരിവെള്ളൂർ കുണിയനിലെ കെ. ദിവ്യ എന്നിവർക്കാണ് വീട് നിർമിക്കുന്നത്.
കുന്നരുവിലെ ചാക്യാർ മഠത്തിൽ ഉഷയുടെ കുടുംബത്തിന് നീലകരച്ചാലിലെ പുതുമന വളപ്പിൽ മണികണ്ഠൻ സൗജന്യമായി നൽകിയ അഞ്ച് സെന്റ് ഭൂമിയിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ പണ്ണേരി രമേശൻ അധ്യക്ഷനായി. പി.പി. അനീഷ, ടി.സി.വി നന്ദകുമാർ, കെ. മിഥുൻ, പി. പ്രജീഷ്, കെ. പ്രകാശൻ, ജ്യോതിഷ് എന്നിവർ സംസാരിച്ചു.
സി.പി.എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി തായിനേരിയിൽ വിലകൊടുത്തു വാങ്ങി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഒ.പി. അമ്പുവിന്റെ കുടുംബത്തിന് നിർമിക്കുന്ന വീടിന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തറക്കല്ലിട്ടു. നിർമാണ കമ്മിറ്റി ചെയർമാൻ പോത്തേര കൃഷ്ണൻ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി, വി.കെ. നിഷാദ്, പി.വി. കുഞ്ഞപ്പൻ, കെ.കെ. കൃഷ്ണൻ, പി. ശ്യാമള, ടി. വിശ്വനാഥൻ, സി. ഷിജിൽ, മുഹമ്മദ് ഹാഷിം, ബി. ബബിൻ, എ. ശോഭ, പി. ഷിജി എന്നിവർ സംസാരിച്ചു.
കരിവെള്ളൂർൽ കുണിയനിൽ കെ. ദിവ്യക്ക് നിർമിക്കുന്ന വീടിന് ടി.ഐ. മധുസൂദനൻ എം.എൽ.എ തറക്കല്ലിട്ടു. കൂത്തൂർ നാരായണൻ അധ്യക്ഷനായി. സി.വി. റഹിനേജ്, കെ. മനുരാജ്, എ. മിഥുൻ, കെ. വിദ്യ, പി. നിധീഷ് എന്നിവർ സംസാരിച്ചു.
പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ 254 യൂണിറ്റുകളിലുമായി മൂവായിരത്തിലേറെ സ്‌നേഹ കുടുക്കകൾ സ്ഥാപിച്ചും സുമനസ്സുകളുടെ സഹായത്തോടെയുമാണ് വീട് നിർമാണം. മൂന്നിടങ്ങളിലും ജനകീയ കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.