കൊട്ടിയൂരിൽ ഇന്ന് രേവതി ആരാധന

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തേതായ രേവതി ആരാധന ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് സമയം അറിയിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പൊന്നിൻ ശീവേലിയാണ് ഇന്ന് നടക്കുക. വിശേഷ വാദ്യങ്ങളോടൊപ്പം ആനകൾക്ക് സ്വർണവും വെള്ളിയും കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടങ്ങളുണ്ടാകും. സ്വർണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളി ക്ടാരം തുടങ്ങിയ പൂജാ പാത്രങ്ങൾ ശീവേലിക്ക് അകമ്പടിയായി എഴുന്നള്ളിക്കും. പൊന്നിൻ ശീവേലിക്ക് ശേഷം കോവിലകം കൈയാലയിൽ ആരാധനാ സദ്യയുമുണ്ടാകും.
വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടി അഭിഷേകമുണ്ട്. കോട്ടയം രാജവംശത്തിലെ തെക്കേ കോവിലകം വകയായാണ് രേവതി ആരാധന നടത്തുന്നത്. പെരുമാൾക്ക് കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ കോവിലകത്തുനിന്നുമാണ് നൽകുന്നത്. ശനിയാഴ്ചയാണ് ആരാധനകളിൽ ഏറ്റവും പ്രാധാന്യമുള്ള രോഹിണി ആരാധന. ആരാധനാ പൂജകളോടൊപ്പം ആലിംഗന പുഷ്പാഞ്ജലിയും നടക്കുന്നത് രോഹിണി നാൾ ആരാധനയ്ക്കാണ്.