ആവശ്യക്കാരെന്ന വ്യാജേന പോലീസ് സംഘം; ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന്‍ പിടിയില്‍

Share our post

കോഴിക്കോട്: ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് പോലീസ് പിടികൂടി. ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഉഗവു ഇകേച്ചുക്വു എന്നയാളെയാണ് കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ സുദര്‍ശനന്‍, എ.സി.പി. ബൈജു, കുന്ദമംഗലം എസ്.എച്ച്.ഒ. യൂസഫ് നടത്തറമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കുന്ദമംഗലത്ത് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ യുവാക്കള്‍ക്ക് ഇത് കൈമാറിയത് നൈജീരിയന്‍ സ്വദേശിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയായ ഇയാളെ പോലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്.

ഏപ്രില്‍ പത്താം തീയതിയാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് കടത്തിയ സഹദ്, നസ്ലിന്‍ എന്നിവരെ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഇവര്‍ക്ക് ബെംഗളൂരുവിലെ നൈജീരിയന്‍സംഘത്തില്‍നിന്നാണ് ലഹരിമരുന്ന് കിട്ടിയതെന്ന മൊഴി ലഭിച്ചതോടെ അന്വേഷണം വ്യാപിപ്പിച്ചു. ആവശ്യപ്പെടുന്ന സ്ഥലത്ത് ലഹരിമരുന്ന് എത്തിച്ചുനല്‍കുകയും പണം ഗൂഗിള്‍ പേ വഴി വാങ്ങുകയുമായിരുന്നു ഈ സംഘത്തിന്റെ രീതി.

മാസങ്ങളോളം ഇവരെ നിരീക്ഷിച്ചശേഷം ആവശ്യക്കാരെന്ന വ്യാജേന പോലീസ് സംഘം ഇവരെ ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രധാനകണ്ണിയായ നൈജീരിയന്‍ സ്വദേശിയെ തിരുപ്പൂരില്‍ എത്തിച്ച് പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!