മിണ്ടാപ്രാണികളുടെ ജീവനെടുക്കുന്ന പ്ലാസ്റ്റിക്; നാടുകാണി ചുരത്തിലെ ഹൃദയഭേദകമായ കാഴ്ച

Share our post

പ്ലാസ്റ്റിക് കഴിക്കുന്ന പിടിയാനയും രണ്ടു കുട്ടികളും. നാടുകാണി ചുരത്തില്‍ നിന്നുമാണീ ഹൃദയഭേദകമായ കാഴ്ച. ജീവന് ഭീഷണിയാണെന്നറിയാതെ പ്ലാസ്റ്റിക് അകത്താക്കുകയാണ് കാട്ടാനക്കൂട്ടം.

ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ കടന്നു പോകുന്ന നാടുകാണി ചുരത്തില്‍ അവര്‍ വലിച്ചെറിയുന്നതാണീ പ്ലാസ്റ്റിക് മാലിന്യങ്ങള്‍.

വാഹനങ്ങളിലും മറ്റും പ്ലാസ്റ്റിക് ഉണ്ടോയെന്ന് നാടുകാണി ചുരത്തിലെ ചെക്‌പോസ്റ്റില്‍ പരിശോധനയില്ല.ചുരത്തില്‍ മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങളുമില്ല. ‘പുലര്‍ച്ചെ രണ്ടു മണിയായി കാണും. ചുരത്തില്‍ കാട്ടാനയിറങ്ങിയിട്ടുണ്ട്.

അപ്പോഴാണ് ആനയുടെ വായിലും മറ്റും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെടുന്നത്. സഞ്ചാരികളും കച്ചവടക്കാരും അലസമായി വലിച്ചെറിയുന്നതാണീ പ്ലാസ്റ്റിക്കുകള്‍’, വന്യജീവി ഫോട്ടോഗ്രഫറായ വി.എം സാദിഖ് അലി പറയുന്നു.

ചരക്ക് വാഹനങ്ങള്‍ ചുരത്തില്‍ നിര്‍ത്തി ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടം അവിടെ തന്നെ വലിച്ചെറിയുന്നു. പലപ്പോഴും സഞ്ചാരികള്‍ വാഹനം നിര്‍ത്തി വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നു. ഇതും ചുരത്തിലെ പതിവ് കാഴ്ചയാണ്.

ഇടക്കിടെ വിവിധ സംഘടനകള്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് പ്ലാസ്റ്റിക്കുകള്‍ ചുരത്തില്‍ നിന്നും നീക്കപ്പെടുന്നത്.

നാടുകാണി ചുരത്തിലിറങ്ങിയ കാട്ടാനകളുടെ പിണ്ടത്തില്‍ പോലും ഡയപ്പറുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് നാളുകള്‍ അധികമായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആനയുടെ ആമാശയത്തിലാകട്ടെ കിലോ കണക്കിന് പ്ലാസ്റ്റിക്കുകളും.

സിംഹവാലന്‍ കുരങ്ങുകള്‍ പോലും പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കുടിക്കുന്നത് ചുരത്തിലെ നിത്യകാഴ്ചയാണ്. കാഴ്ച കാണാന്‍ എത്തുന്നവരുടെ അശ്രദ്ധയും ഉത്തരവാദിത്വമില്ലായ്മയും അധികൃതരുടെ ജാഗ്രത കുറവും വന്യജീവികളുടെ ജീവന് ആപത്താവുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!