കൂട്ടുപുഴയിൽ പോലീസിന്റെ പരിശോധനാ കേന്ദ്രം പ്ലാസ്റ്റിക്‌ കൂടാരത്തിൽ

Share our post

ഇരിട്ടി : സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ 24 മണിക്കൂറും പോലീസിന്റെ പരിശോധനയുണ്ട്. വേനൽക്കാലത്ത് വെയിലും മഴക്കാലത്ത് മഴയും കൊണ്ടുവേണം പോലീസിന് ഇവിടെ പരിശോധന നടത്താൻ. പച്ചനിറത്തിലുള്ള ഷീറ്റ് വലിച്ചുകെട്ടിയുള്ള കൂടാരമാണ് ഇവർക്കുള്ള ഏക ആശ്രയം.

കൂട്ടുപുഴ പാലത്തോടു ചേർന്ന് ഒരു തണൽമരം നില്ക്കുന്നതാണ് വേനൽക്കാലത്ത് ആശ്വാസമെങ്കിൽ മഴക്കാലത്ത് കുടമാത്രമാണ് ആശ്രയം. പോലീസിന്റെ ദുരിതത്തിന് അറുതിയാകുമെന്ന് കരുതി ലയൺസ് ക്ളബ് പണിത കൊച്ചു എയ്ഡ് പോസ്റ്റും പോലീസിന്റെ രക്ഷയ്ക്കെത്തുന്നില്ല.

ഫയലിൽ ഉറങ്ങിയ ശുപാർശ

കർണാടകയിലേക്കുള്ള പ്രവേശന കവാടം എന്ന പരിഗണനയും സുരക്ഷാപ്രാധാന്യവും കണക്കിലെടുത്ത് ചെക്‌പോസ്റ്റ് സൗകര്യങ്ങളോടുകൂടി പോലീസ് ഔട്ട് പോസ്റ്റ് അനുവദിക്കുന്നതിനുള്ള ശുപാർശ വർഷങ്ങൾക്കുമുൻപ്‌ തന്നെ നൽകിയതാണ്. ഇതിൻമേൽ ഒരുനടപടിയും പോലീസ് ആസ്ഥാനത്തുനിന്ന്‌ ഉണ്ടായിട്ടില്ല. കോവിഡ് കാലത്ത്, സ്വകാര്യവ്യക്തിയുടെ അപകടഭീഷണിയിലായ കടയായിരുന്നു പരിശോധനാകേന്ദ്രമായി പ്രവർത്തിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതോടെ ഇവയില്ലാതായി.

മാവോവാദി സാന്നിധ്യമുള്ള കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോട് അതിരിടുന്ന പ്രദേശമാണെന്ന പ്രത്യേകതകൂടി ഇവിടെയുണ്ട്. മാവോവാദി ഭീഷണിയുടെ പേരിൽ വനമേഖലയുമായി ഒരു ബന്ധവുമില്ലാത്ത ഇരിട്ടി പോലീസ് സ്റ്റേഷനുപോലും കോടികൾ മുടക്കി സുരക്ഷാ മുള്ള് കമ്പിവേലിയും മറ്റും നിർമിക്കുമ്പോഴാണ് അതിർത്തിയിലെ യഥാർഥ പരിശോധനാകേന്ദ്രം പ്ലാസ്റ്റിക് കൂടാരത്തിലൊതുങ്ങുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!